തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻ പാറക്കല്ല് പതിച്ച് കിണർ പൂർണ്ണമായി തകർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
കട്ടക്കോട് സ്വദേശിയായ ബിനുവിന്റെ വീടിന് പിന്നിലെ പുരയിടത്തിൽ നിന്നാണ് ഭീമാകാരമായ പാറക്കല്ല് ഉരുണ്ടുവന്ന് വീടിനോട് ചേർന്നുള്ള കിണറിന് മുകളിലേക്ക് പതിച്ചത്. കനത്ത ശബ്ദത്തോടെ പാറക്കല്ല് വന്നിടിച്ചതിനെ തുടർന്ന് കിണർ പൂർണ്ണമായി ഇടിഞ്ഞു താഴുകയായിരുന്നു.
ഭാഗ്യവശാൽ ഈ സമയത്ത് വീടിന് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പാറ അല്പം കൂടി മുന്നോട്ട് ഉരുണ്ടിരുന്നെങ്കിൽ വീട് പൂർണ്ണമായും തകരുമായിരുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ഈ പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഏക ആശ്രയമാണ് ഇതോടെ നഷ്ടമായത്. അപകടസമയത്ത് വീടിനുള്ളിൽ ബിനുവിനൊപ്പം കിടപ്പുരോഗിയായ അമ്മയും അച്ഛനും ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ തുടർനടടികൾ സ്വീകരിച്ചു. എന്നാൽ, അപകടം നടന്ന സ്ഥലത്തിന് തൊട്ടുമുകളിലായി ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ മറ്റൊരു ഭീമാകാരമായ പാറകൂടി നിൽക്കുന്നുണ്ടെന്നും, കടുത്ത ഭയത്തോടെയാണ് ഇപ്പോൾ കഴിയുന്നതെന്നും കുടുംബവും പരിസരവാസികളും ആശങ്ക പങ്കുവെക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

