തിരുവനന്തപുരം: വർക്കലയിൽ വീടിന്റെ സൺഷേഡിൽ കയറി താഴേക്ക് ചാടാൻ ശ്രമിച്ച വയോധികയുടെ ദുരിത ജീവിതത്തിന് ഒടുവിൽ മോചനം. വർക്കല തറട്ട
സ്വദേശിയായ സുധയെ (83) തിരുവനന്തപുരത്തെ സ്നേഹാലയത്തിലേക്ക് മാറ്റി. വാർത്തയെ തുടർന്ന് അവധി ദിവസമായ ഞായറാഴ്ചയും സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടുകയായിരുന്നു.
വയോധികയെ ഉടൻ തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടർ കർശന ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് സാമൂഹ്യ ക്ഷേമനീതി വകുപ്പ് അധികൃതർ ചെമ്മരുതി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുകയും അന്നുതന്നെ വയോധികയെ സ്നേഹാലയത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.
സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയെത്തുടർന്നുള്ള കടുത്ത മാനസിക വിഷമത്തിലാണ് വയോധിക വീടിന്റെ സൺഷേഡിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. രാവിലെ അപകടകരമായ സാഹചര്യത്തിൽ ഇവരെ കണ്ട
നാട്ടുകാർ ഉടൻ തന്നെ ഇടപെട്ട് താഴെയിറക്കുകയായിരുന്നു. വാർദ്ധക്യ സഹജമായ നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള സുധ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
മൂന്ന് മക്കളുള്ള സുധയെ ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ മകൻ നോക്കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം മരണപ്പെടുകയായിരുന്നു. ബാക്കി രണ്ട് മക്കളും ഇവരെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും വ്യക്തമാക്കി.
ഈ വിഷയം ജാഗ്രതാ സമിതി പലതവണ ചർച്ച ചെയ്തിട്ടും യാതൊരുവിധ തീരുമാനവും ഉണ്ടായിരുന്നില്ല. കളക്ടറേറ്റിൽ വിളിച്ചുവരുത്തിയ ഹിയറിംഗിന് പോലും മക്കൾ ഹാജരായിരുന്നില്ലെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

