അനിയന്ത്രിതമായി വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ ഉടലെടുത്ത സർക്കാർവിരുദ്ധ പ്രക്ഷോഭം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുന്നു. ഇതിന്റെ ഭാഗമായി ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളിലും വലിയ പ്രതിഷേധ റാലികളാണ് അരങ്ങേറിയത്.
കഴിഞ്ഞ ശനിയാഴ്ച മാത്രം ഫ്രാൻസിൽ ഏകദേശം 8 ലക്ഷം ആളുകളാണ് സമരത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സമരം അക്രമാസക്തമായതോടെ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തലസ്ഥാനമായ പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആഡംബര വസ്ത്രശാലകളും മൊബൈൽ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും സമരക്കാർ കൊള്ളയടിച്ചു. റോഡരികിൽ കിടന്നിരുന്ന കാറുകൾക്ക് തീയിടുകയും സർക്കാർ ഓഫീസുകൾക്കും പോലീസ് വാഹനങ്ങൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളുണ്ടാകുകയും ചെയ്തു.
മാഴ്സെയിൽ നഗരത്തിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രക്ഷോഭകർ സിറ്റിഹാളിൽ അതിക്രമിച്ചു കയറി ഭിത്തികളിൽ മുദ്രാവാക്യങ്ങൾ എഴുതിപ്പിടിപ്പിച്ചു. ലിമോഷ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ സിറ്റിഹാളിന് സമരക്കാർ തീയിട്ടതിനെ തുടർന്ന് 1873-ൽ നിർമിച്ച ഇവിടുത്തെ ഗോപുരം പൂർണമായും കത്തിനശിച്ചു.
ലിയോണിൽ ടൂറിസ്റ്റ് ഓഫീസിനുനേരെയും തീവെയ്പ്പുണ്ടായി. രാജ്യവ്യാപകമായി നടന്ന സംഘർഷങ്ങളിൽ ഇതുവരെ 1200 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത വർഷം രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്മാനുവൽ മക്രോ സർക്കാരിനെതിരെ ജനരോഷം ഇത്രയധികം ശക്തമായിരിക്കുന്നത്. ഫ്രാൻസിന് പുറമെ ഇറ്റലിയിലെ മിലാനിലും സമാനമായ രീതിയിൽ ജീവിതച്ചെലവ് വർധിച്ചതിനെതിരെയുള്ള പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി.
ഇവിടെയും കടകൾ കൊള്ളയടിക്കപ്പെട്ടു. മിലാനിൽ കല്ലേറു നടത്തിയ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ, ബൊളോന്യയിൽ ജലപീരങ്കിയാണ് ഉപയോഗിച്ചത്.
ഈ സംഭവങ്ങളിലും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ജീവിതച്ചെലവിലെ വർധനവിനൊപ്പം വീട്ടുവാടക നിരക്കുകൾ ഇരട്ടിയായതിൽ പ്രതിഷേധിച്ച് ലിസ്ബണിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
സർവകലാശാല ഫീസ് വർധനയ്ക്കെതിരെ ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ പ്രതിഷേധിച്ച വിദ്യാർതഥികളെ നേരിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അതേസമയം, പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അൽബേനിയയിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം അഞ്ച് ദിവസങ്ങൾ പിന്നിട്ടു.
കഴിഞ്ഞ ശനിയാഴ്ച സമരക്കാർക്ക് നേരെ പോലീസ് റബർ ബുള്ളറ്റുകൾ പ്രയോഗിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

