യേമാനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകളും നടപടികളും പുരോഗമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഈജിപ്ത് പാർലമെന്റിൽ ഔദ്യോഗിക ചർച്ചകൾ നടന്നു. സൗദിയ്ക്ക് സൈനിക സഹായം നൽകുന്നതിൽ ഞായറാഴ്ച തന്നെ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു പ്രഥമിക സൂചനകളെങ്കിലും, നടപടികൾ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയും സഭയിൽ തുടർ ചർച്ചകൾ ഉണ്ടായിരിക്കുമെന്നും ഇതിനുശേഷമായിരിക്കും അന്തിമ വോട്ടെടുപ്പ് നടക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ ഉറപ്പാക്കാൻ തങ്ങൾ സജ്ജമാണെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽ സിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി ഔദ്യോഗികമായി പിന്തുണ അഭ്യർഥിക്കുന്ന പക്ഷം സൈനിക സഹായം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാണ് ഈജിപ്ത് അടിയന്തരമായി പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തത്.
இதനിടെ, ഞായറാഴ്ച സൗദിയിലെ നജ്റാനിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ആറുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് വീടുകളും മൂന്ന് വാഹനങ്ങളും ഭാഗികമായി തകർന്നു.
നജ്റാനിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണതായി സൗദി സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെന്നും, അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ ജീവൻ വെടിഞ്ഞതായും സൗദി അധികൃതർ അറിയിച്ചു.
എന്നാൽ, ഹെലികോപ്റ്റർ തങ്ങൾ വെടിവെച്ചിട്ടതാണെന്ന അവകാശവാദവുമായി ഹൂത്തികൾ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

