കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനി മുതൽ രോഗികളെ നിലത്തു കിടത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
വരുന്ന ജൂലൈ 30 മുതൽ ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും കിടക്ക ഉറപ്പാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. കോട്ടയം സിഎംഎസ് കോളജിൽ നടന്ന ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജായി കോട്ടയം മാറും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ സംവിധാനം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.
മികച്ച ചികിത്സയും മരുന്നും കട്ടിലും കിടക്കയും ആശുപത്രിയിലെത്തുന്ന ഓരോ രോഗിയുടെയും അവകാശമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. രോഗികളെ നിലത്തു കിടത്തുന്ന പ്രാകൃത രീതി പൂർണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും ഇതിനായുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള താഴെത്തട്ടിലുള്ള സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മെഡിക്കൽ കോളേജുകളിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. സാധാരണ പനി പോലെയുള്ള ലളിതമായ ആരോഗ്യ പ്രശ്നങ്ങളുമായി പോലും ആളുകൾ മെഡിക്കൽ കോളേജ് ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.
ഈ പ്രവണത മാറ്റിയെടുക്കാനാവശ്യമായ ക്രമീകരണങ്ങൾ പ്രാദേശിക തലത്തിൽ തന്നെ ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കേരളത്തിൽ മെഡിക്കൽ കോളേജുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം മുന്നോട്ട് വെച്ച കാഴ്ചപ്പാടുകൾ കൂടി ഉൾക്കൊണ്ടായിരിക്കും ആരോഗ്യ വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക എന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

