ബിടെക് ബിരുദം നേടിയ വിഷ്ണുവർധൻ, സുഹൃത്ത് ശിൽപ എന്നിവർ ചേർന്ന് വിപണിയിൽ അവതരിപ്പിച്ച മാമ്പഴ ബ്രാൻഡാണ് ‘ആം ട്രീ’. പരമ്പരാഗതമായ വിൽപന രീതികളിൽ നിന്ന് മാറി, തങ്ങളുടെ ഉൽപന്നത്തെ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ഇരുവരും കണ്ടെത്തിയ മാർക്കറ്റിങ് തന്ത്രം ശ്രദ്ധേയമായിരിക്കുകയാണ്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പുറമെ വഴിയോരങ്ങളിലും ഇവർ മാമ്പഴ വിൽപന സജീവമാക്കി. മാമ്പഴങ്ങളുടെ നാടായ മുതലമടയിൽ ജനിച്ചുവളർന്ന വിഷ്ണുവർധന്റെ ചിന്തയിൽ നിന്നാണ് ഈ സംരംഭം ഉടലെടുക്കുന്നത്.
വിഷ്ണുവിന്റെ അച്ഛൻ കുശകുമാർ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്ന് 1996 മുതൽ ഹോൾസെയിൽ അടിസ്ഥാനത്തിലായിരുന്നു മാമ്പഴ വിൽപന നടന്നിരുന്നത്. ഈ പതിവ് രീതി മാറ്റി, ചില്ലറ വിൽപനയിലൂടെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താനാണ് വിഷ്ണു തീരുമാനിച്ചത്.
ഫാമിലെ 17 ഇനം മാമ്പഴങ്ങളെ ബ്രാൻഡ് ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ളവരിലേക്ക് എത്തിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഓൺലൈൻ വഴി മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും, പ്രാദേശികമായി ബ്രാൻഡിന് കൂടുതൽ പ്രചാരം നൽകാനാണ് പാലക്കാട് നഗരത്തിലെ മലമ്പുഴ നൂറടി റോഡിൽ ഇരുവരും വഴിയോര വിൽപന കേന്ദ്രം ആരംഭിച്ചത്.
വൈകുന്നേരം 3 മുതൽ 7 മണി വരെയാണ് പ്രവർത്തനം. മാമ്പഴങ്ങൾക്ക് പുറമെ മാംഗോ ഷെയ്ക്കുകളും ഇവിടെ ലഭ്യമാണ്.
ലഭിക്കുന്ന മികച്ച പ്രതികരണം ബ്രാൻഡിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതായി വിഷ്ണു വ്യക്തമാക്കുന്നു. സീസൺ അല്ലാത്ത സമയങ്ങളിലും മാംഗോ പൾപ്പ് ഉപയോഗിച്ച് ഷെയ്ക് നിർമിക്കാനാണ് ഇവരുടെ തീരുമാനം.
കൊടൈക്കനാലിൽ ബിസിനസ് നടത്തുന്ന വിഷ്ണു, എൻജിനീയറിങ് ബിരുദത്തിന് ശേഷമാണ് ഈ വ്യത്യസ്തമായ സംരംഭത്തിന് തുടക്കം കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

