നഗരവാസികൾക്ക് സബ്സിഡി നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്ന കൊച്ചി കോർപറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’ അഞ്ച് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങളുമായി മുന്നേറുന്ന സ്ഥാപനത്തിന്റെ അഞ്ചാം വാർഷികാഘോഷം നാളെ വൈകിട്ട് അഞ്ചിന് എറണാകുളം നോർത്തിലെ പരമാര റോഡിലെ സമൃദ്ധി അങ്കണത്തിൽ വെച്ച് നടക്കും.
ചടങ്ങിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിക്കും. കോർപറേഷൻ മേയർ വി.കെ.
മിനിമോൾ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്വെയറും സമൃദ്ധിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
എം. അനിൽകുമാർ മേയറായ കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് 2021 ഒക്ടോബറിൽ വെറും 14 കുടുംബശ്രീ അംഗങ്ങളുമായാണ് സമൃദ്ധി @ കൊച്ചി പ്രവർത്തനം ആരംഭിക്കുന്നത്.
എന്നാൽ ഇന്ന് ഈ പ്രസ്ഥാനം വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. നിലവിൽ മുന്നൂറിലേറെ ജീവനക്കാരാണ് ഇവിടെ സേവനമനുഷ്കരിക്കുന്നത്.
വിവിധ ശാഖകൾ വഴി പ്രതിദിനം 10,000 ഉച്ചയൂണുകളാണ് പൊതുജനങ്ങളിലേക്ക് എത്തുന്നത്. ഇതുവരെയായി ആകെ വിതരണം ചെയ്തത് 38 ലക്ഷം ഉച്ചയൂണുകളാണ് എന്നത് പദ്ധതിയുടെ വലിയ വിജയത്തിന് തെളിവാണ്.
മറ്റു വിഭവങ്ങളുടെ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം സബ്സിഡിയായി പ്രയോജനപ്പെടുത്തിയാണ് സമൃദ്ധി വെറും 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ജനകീയ ഹോട്ടലുകൾക്കു സർക്കാരിൽ നിന്നുള്ള സബ്സിഡി നിലച്ച ശേഷവും സമൃദ്ധിക്ക് ഈ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ സാധിക്കുന്നത് ഈ തന്ത്രപരമായ പ്രവർത്തനത്തിലൂടെയാണ്.
പുതിയ കൗൺസിൽ ചുമതലയേറ്റ ശേഷം ഇടപ്പള്ളിയിൽ ഇന്ദിര കന്റീനും ആരംഭിച്ചിരുന്നു. സമൃദ്ധിയിൽ തയാറാക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ഇവിടെ മൂന്നു നേരത്തേ ഭക്ഷണം 50 രൂപ നിരക്കിൽ ഇന്ദിര കന്റീൻ വഴി വിതരണം ചെയ്യുന്നത്.
ഇതിന് പുറമെ കടവന്ത്ര ജിസിഡിഎ കന്റീൻ, ഫോർട്ട് കൊച്ചി, മറൈൻ ഡ്രൈവിലെ കോർപറേഷൻ ഓഫിസ്, ഷിപ്യാഡ്, ഹൈക്കോടതി എന്നിങ്ങനെ മറ്റ് എട്ടിടങ്ങളിൽ കൂടിയും സമൃദ്ധിയുടെ കേന്ദ്രങ്ങൾ ജനങ്ങൾക്ക് സേവനം നൽകി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരള ഹൈക്കോടതിയിലും സമൃദ്ധി @ കൊച്ചി പുതിയ കന്റീൻ ആരംഭിച്ചിട്ടുണ്ട്.
ഹൈക്കോടതിയിലെ ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്കു വേണ്ടിയുള്ള കന്റീന്റെ പ്രവർത്തനമാണു കഴിഞ്ഞ ദിവസം മുതൽ സമൃദ്ധി ഏറ്റെടുത്തിട്ടുള്ളത്. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണു ഈ കന്റീൻ പ്രവർത്തിക്കുക.
ഇവിടെ ഹൈക്കോടതി ജീവനക്കാർക്ക് 45 രൂപയ്ക്കും പൊതുജനങ്ങൾക്ക് 60 രൂപയ്ക്കും ഉച്ചയൂണ് ലഭ്യമാകും. ചായയ്ക്ക് 10 രൂപയും സ്നാക്സിനു 12 രൂപയുമാണു കന്റീനിലെ മറ്റ് നിരക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

