കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന സംഘം പിടിയിൽ. കുമരകം സ്വദേശിനിയായ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം, ബംഗാൾ സ്വദേശികളായ രണ്ടുപേരെയാണ് അധികൃതർ പിടികൂടിയത്.
ഇവരിൽ നിന്നും മോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജില്ലയിലെ ധാലൂരി സ്വദേശിയായ നജ്റൺ സോഹൽ റാണ (24), അസം മൊറിഗാവ് ജില്ലയിലെ കച്ചാറാബോറി സ്വദേശിയായ മോട്ടിബുർ റഹ്മാൻ (25) എന്നിവരാണ് തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെയും കോട്ടയം റെയിൽവേ പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്.
കേസിന്റെ പശ്ചാത്തലം
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്തുവച്ചാണ് കുമരകം സ്വദേശിനിയായ യാത്രക്കാരിക്ക് ഫോൺ നഷ്ടപ്പെട്ടത്. തോളിൽ തൂക്കിയിരുന്ന ബാഗിന്റെ സൈഡ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന റെഡ്മി 9 മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
തുടർന്ന് യാത്രക്കാരി കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരാതിയിൽ പറഞ്ഞിരിക്കുന്ന സമയം കേന്ദ്രീകരിച്ച് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ഇതിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചു.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും കോട്ടയം റെയിൽവേ പൊലീസും ചേർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്ഥിരമായി ട്രെയിനുകളിൽ കയറി യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
ട്രെയിനുകളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു മോഷണങ്ങളെല്ലാം. ഇത്തരത്തിൽ മോഷ്ടിക്കുന്ന ഫോണുകൾ വിറ്റു കിട്ടുന്ന പണം മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കുമായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.
തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ.എ.ജെ., എസ്ഐ പ്രൈസ് മാത്യു, എഎസ്ഐമാരായ വിജയകുമാർ, സിജോ സേവ്യർ, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്.എസ്.വി., വിപിൻ.ജി, നിഖിൽ നാഥ് എന്നിവരും കോട്ടയം റെയിൽവേ പൊലീസ് ഇൻസ്പെക്ടർ വിപിൻ കുമാർ, എസ്ഐ ശ്യാമകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

