ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ ആഷ്ലി ആൻ.തോമസിന്റെ (25) ഭൗതികശരീരം സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് മാളുവെന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ആഷ്ലിയെ അവസാനമായി ഒരുനോക്ക് കാണാൻ മീനടം വട്ടക്കാവുങ്കൽ വീട്ടിലേക്ക് എത്തിച്ചേർന്നത്.
വി.വി. തോമസിന്റെയും മേരി തോമസിന്റെയും മകളായ ആഷ്ലിയുടെ വിയോഗം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.
സഹോദരങ്ങളായ സുബിനും ആൽവിനും പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരത്തിന് അരികിൽ വിതുമ്പലടക്കാനാകാതെ നിന്നു. മുത്തച്ഛൻ വി.കെ.വർഗീസും മുത്തശ്ശി അന്നമ്മയും അടക്കമുള്ള കുടുംബാംഗങ്ങളുടെ കണ്ണീർ കാഴ്ചക്കാരിൽ നൊമ്പരമുണർത്തി.
വസതിയിൽനിന്ന് ദേവാലയത്തിലേക്ക് മൃതദേഹം എടുത്തതോടെ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി ഒഴുകി. മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
ചടങ്ങുകൾക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിച്ചു.
സഖറിയാസ് മാർ സേവേറിയോസ്, മത്തായി റമ്പാൻ, സി.ജോൺ ചിറത്തലാട്ട് കോറെപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ.കെ.എം.സഖറിയ, വികാരി ഫാ.സോണി കുര്യൻ തുടങ്ങിയവർ സഹകാർമികരായി ഒപ്പമുണ്ടായിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി.
ഗീവർഗീസ് മാർ തെയോഫിലോസ്, ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, തോമസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ അന്തീമോസ്, സഖറിയാസ് മാർ പീലക്സിനോസ്, ഫ്രാൻസിസ് ജോർജ് എംപി., ചാണ്ടി ഉമ്മൻ എംഎൽഎ, തോമസ് ചാഴികാടൻ, ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാര ചടങ്ങിനിടെ ഹൃദയഭേദകമായ മറ്റൊരു കാഴ്ചയും അരങ്ങേറി.
ആഷ്ലിക്കൊപ്പം വാഹനാപകടത്തിൽ മരണമടഞ്ഞ ഉറ്റസുഹൃത്ത് കൃപ മെറിൻ കുര്യാക്കോസിന്റെ സഹോദരൻ കിരൺ പുഷ്പചക്രവുമായെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. ആ പുഷ്പചക്രത്തിനു മുകളിൽ എഴുതിയ പേര് ഇങ്ങനെയായിരുന്നു; ‘കൃപ’.
കൃപയുടെ സംസ്കാരം 22-ാം തീയതി നടന്നിരുന്നു. ആഷ്ലിയുടെ സംസ്കാരച്ചടങ്ങിനിടെ കൃപയുടെ പിതാവ് ഫാ.
കുര്യാക്കോസ് കടവുംഭാഗം, മാതാവ് അനിത, സഹോദരൻ കിരൺ എന്നിവർ ഒന്നിച്ചാണ് ദേവാലയത്തിലെത്തിയത്. കൃപയുടെ പിതാവ് ഫാ.
കുര്യാക്കോസിനെ കണ്ടതോടെ ആഷ്ലിയുടെ പിതാവ് വി.വി. തോമസിനും കുടുംബത്തിനും സങ്കടം അടക്കാനായില്ല.
21-ന് രാവിലെ 8.45-നാണ് സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടെ കോത്തല എടക്കരപ്പടിയിൽ വാഹനാപകടം ഉണ്ടായത്. മുന്നിൽപോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.
ഈ ദാരുണ സംഭവത്തിലാണ് ഉറ്റസുഹൃത്തുക്കളായ കൃപ മെറിൻ കുര്യാക്കോസും ആഷ്ലി ആൻ തോമസും മരണപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

