കണ്ണൂർ: സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കവെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നു. മാസപ്പടി കേസിൽ പിണറായി വിജയൻ യഥാസമയം പ്രതികരിക്കാതിരുന്നത് അണികളിൽ ആശയകുഴപ്പമുണ്ടാക്കിയതായി യോഗത്തിൽ പ്രതിനിധികൾ തുറന്നടിച്ചു.
പാർട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും പ്രതികരണം വൈകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന മുഖവുരയോടെയാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ തന്നെ ഈ വിഷയം ഉന്നയിക്കപ്പെട്ടത്. മാസപ്പടി കേസിൽ പ്രതികരണം വൈകിയത് എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ സഹായകരമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ജില്ലയിലെ തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ ആത്മവിമർശനം നിറഞ്ഞതായിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫണ്ട് വിവാദത്തിൽ വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണങ്ങൾ സാധാരണ അണികൾ പോലും പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഫണ്ട് പിരിവിൽ ക്രമക്കേടുണ്ടായിട്ടില്ലെന്ന പാർട്ടി വിശദീകരണം അണികളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
പയ്യന്നൂരിൽ ഉൾപ്പെടെ പാർട്ടി വോട്ടുകൾ ചോരുമെന്നത് മുൻകൂട്ടി കാണുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. കെ കെ ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് പാർട്ടിയെ ഒതുക്കാനാണെന്ന വ്യാജ പ്രചാരണം കനത്ത ദോഷം ചെയ്തു.
ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും വീഴ്ച സംഭവിച്ചു. ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി ഇല്ലാത്തതും തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.
പയ്യന്നൂരിലെ തോൽവിയിലും മട്ടന്നൂരിലെ വോട്ട് ചോർച്ചയിലും ഏരിയ കമ്മിറ്റികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, തിരിച്ചടികളുടെ മുഴുവൻ ഉത്തരവാദിത്തവും ഏരിയ കമ്മറ്റികളുടെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്ന് പ്രതിനിധികൾ യോഗത്തിൽ തുറന്നടിച്ചു. അതേസമയം, പയ്യന്നൂരിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വെച്ചില്ലെന്നാണ് വിവരം.
പയ്യന്നൂരിലെ നടപടികൾ പിന്നീട് നടക്കുന്ന വിപുലീകൃത ഏരിയ കമ്മിറ്റി യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

