ഹോർമുസിനു പിന്നാലെ ചെങ്കടലിലേക്കും സംഘർഷം വ്യാപിച്ചതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് കുതിച്ചെത്തിയ പശ്ചാത്തലത്തിൽ, രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിക്കേണ്ടി വരുമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്.
ഈ സാഹചര്യം രാജ്യത്ത് വലിയ തോതിലുള്ള പണപ്പെരുപ്പത്തിനും റിസർവ് ബാങ്കിന്റെ പലിശ നിരക്ക് വർധനവിനും ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സാധാരണക്കാരുടെ വ്യക്തിഗത വായ്പകളെയും ബിസിനസ് രംഗത്തെ സാമ്പത്തിക ബാധ്യതകളെയും നേരിട്ട് ബാധിക്കും.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) രംഗത്തെത്തിയിട്ടുണ്ട്. ക്രൂഡോയിൽ വില നിലവിലുള്ള ഉയർന്ന നിരക്കിൽ തുടരുകയാണെങ്കിൽ ഇന്ത്യയിൽ ഇന്ധന വില കൂട്ടേണ്ടി വരുമെന്ന് ബിപിസിഎൽ ഡയറക്ടർ രാമകൃഷ്ണ ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ വിലവർധന താൽകാലികമാണെന്ന് കരുതുന്നുവെങ്കിലും, ക്രൂഡ് വില ബാരലിന് 80 ഡോളറിനു മുകളിലെത്തിയാൽ അത് കമ്പനികളുടെ പ്രവർത്തന ലാഭത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അതിനിടയിൽ, റഷ്യൻ കമ്പനികൾ ഇന്ത്യയ്ക്ക് നൽകിയിരുന്ന ക്രൂഡോയിൽ ഇറക്കുമതി ഡിസ്കൗണ്ടും നിലച്ചിരിക്കുകയാണ്.
വിപണിയിലേക്കുള്ള ക്രൂഡോയിൽ വരവ് ഗണ്യമായി കുറഞ്ഞതോടെയാണ് ഈ നടപടി. സെപ്റ്റംബറിൽ വിതരണം ചെയ്യാനുള്ള ക്രൂഡോയിലിന് യാതൊരുവിധ ഡിസ്കൗണ്ടും ലഭിക്കില്ലെന്ന് റഷ്യൻ കമ്പനികൾ അറിയിച്ചതായി ബിപിസിഎൽ വ്യക്തമാക്കി.
ഇത് എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭാരം കൂടുതൽ വർധിപ്പിക്കും. ഊർജ സുരക്ഷ മുൻനിർത്തി പ്രതിവർഷം 20 ലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങുന്നതിനായി യുഎസുമായി ദീർഘകാല കരാറുകളിൽ ഏർപ്പെടാൻ പദ്ധതിയുണ്ടെന്നും ബിപിസിഎൽ അറിയിച്ചു.കൂടാതെ, വെനസ്വേല, അംഗോള തുടങ്ങിയ രാജ്യങ്ങളും അനുകൂലമായ വില നൽകാൻ തയാറായാൽ അവരുമായും കരാറുകളിൽ ഒപ്പുവെക്കും.
നിലവിൽ ഉയർന്ന വില നൽകി സ്പോട് വിപണിയിൽ നിന്നാണ് യുഎസ് ക്രൂഡോയിൽ കമ്പനി വാങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ തന്നെ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ രാജ്യത്തെ എണ്ണക്കമ്പനികൾ കനത്ത നഷ്ടമാണ് നേരിട്ടത്.
ബിപിസിഎൽ 3962 കോടി രൂപയുടെയും എച്ച്പിസിഎൽ 11,526 കോടി രൂപയുടെയും അറ്റ നഷ്ടമാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ ഭീമനായ ഐഒസിഎയുടെ പാദഫലങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തുവരും.
ഉയർന്ന ഇറക്കുമതി ചെലവും രാജ്യത്ത് ഇന്ധന വിലക്കയറ്റം വൈകിപ്പിച്ചതുമാണ് ഈ നഷ്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് യുദ്ധം ആരംഭിച്ചതെങ്കിലും ഇന്ത്യയിൽ മേയിലാണ് ഇന്ധന വില വർധിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻനിർത്തിയാണ് വിലക്കയറ്റം വൈകിപ്പിച്ചത് എന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെങ്കിലും സർക്കാർ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. മേളിൽ നാല് ഘട്ടങ്ങളിലായി പെട്രോളിന് ലീറ്ററിന് 7.38 രൂപയും ഡീസലിന് ലീറ്ററിന് 7.52 രൂപയുമാണ് പെട്രോളിയം കമ്പനികൾ വർധിപ്പിച്ചത്.
പിന്നീട് അന്താരാഷ്ട്ര വിപണിയിൽ വില പഴയ നിലയിലേക്ക് എത്തിയെങ്കിലും രാജ്യത്ത് നിരക്കുകൾ കുറച്ചിരുന്നില്ല. ഇതിനിടയിലാണ് പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും വഷളാവുകയും ക്രൂഡോയിൽ വില 100 ഡോളറിലെത്തുകയും ചെയ്തത്.
ഇന്ധന വില വർധനവ് രാജ്യത്തെ പണപ്പെരുപ്പ നിരക്കിലും പ്രതിഫലിക്കുമെന്നുറപ്പാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം കാരണം ജൂണിൽ ഇന്ത്യയിലെ വിലക്കയറ്റത്തോത് 4.38 ശതമാനമായി ഉയർന്നിരുന്നു.
മേയിൽ ഇത് 3.48 ശതമാനമായിരുന്നു. 2024 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്തെ വിലക്കയറ്റം 4 ശതമാനത്തിനു താഴെ നിലനിർത്താനാണ് ആർബിഐ ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കൊല്ലം ആദ്യമായാണ് വിലക്കയറ്റത്തോത് ഈ പരിധിയും കടന്ന് ഉയരുന്നത്.
വരും ദിവസങ്ങളിൽ ഇന്ധന വില വീണ്ടും വർധിച്ചാൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതമാകും. ഇത് വായ്പകളുടെ പ്രതിമാസ തിരിച്ചടവായ ഇഎംഐ വർധിക്കുന്നതിനും ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമാകുന്നതിനും കാരണമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

