ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന പാകിസ്ഥാന്റെ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ വ്യോമസേന രംഗത്ത്. ഇന്ത്യ വാങ്ങിയ 36 റഫാൽ വിമാനങ്ങളും സുരക്ഷിതമാണെന്നും അവ ഇപ്പോഴും സേവനത്തിലുണ്ടെന്നും വ്യക്തമാക്കുന്ന രേഖകൾ ഔദ്യോഗികമായി പുറത്തുവന്നു.
36 റഫാൽ വിമാനങ്ങൾക്കും ആവശ്യമായ സാങ്കേതിക സേവനങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനായുള്ള ടെൻഡർ നടപടികൾ വ്യോമസേന ആരംഭിച്ചു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ചുട്ടമറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നീക്കം ആവിഷ്കരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതതല യോഗങ്ങൾക്ക് ശേഷമായിരുന്നു ഈ നിർണ്ണായക തീരുമാനം. അതിർത്തിയിൽ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായ സൈന്യം, പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചു.
ഇന്ത്യൻ പടിഞ്ഞാറൻ അതിർത്തിയിലെ വ്യോമത്താവളത്തിൽ നിന്നും കുതിച്ചുയർന്ന സുഖോയ് 30 വിമാനത്തിൽ നിന്നും മിസൈൽ തൊടുത്തതോടെയാണ് ചരിത്രപരമായ ഈ തിരിച്ചടിക്ക് തുടക്കമായത്. ബഹവൽപൂരിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി എത്തിയ ആക്രമണത്തിന് പിന്നാലെ, റഫാൽ, മിറാഷ് യുദ്ധവിമാനങ്ങളും ദൗത്യത്തിൽ പങ്കുചേർന്നു.
വെറും 30 മിനിറ്റിനുള്ളിൽ മുസാഫറാബാദ്, കോട്ലി, ബഹവൽപൂർ, മുദ്രിക തുടങ്ങി ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും പാക് വ്യോമസേനയുടെ റഡാർ സംവിധാനങ്ങളും ഇന്ത്യൻ സേന തകർത്തെറിഞ്ഞു. പുലർച്ചെ 1.45-ന് ഇന്ത്യ ലോകത്തോട് ഈ സൈനിക വിജയത്തെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തി.
88 മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടിക്കൊടുവിൽ പാകിസ്ഥാൻ പ്രകോപനങ്ങൾക്ക് മുതിർന്നപ്പോൾ ശക്തമായ ഷെല്ലിംഗിലൂടെ ഇന്ത്യ മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ നൽകുന്നത്.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നും തുടർന്നുണ്ടാകുന്ന ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാജ്യം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

