കേരളത്തിലെ കെട്ടിടനിർമാണ മേഖലയിൽ അതിഥിത്തൊഴിലാളികളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി ഉടലെടുക്കുന്നു. കരാറുകാരും നിർമാണ കമ്പനികളും ടിക്കറ്റും യാത്രാച്ചെലവും വഹിച്ചു കൊണ്ടുവരുന്ന തൊഴിലാളികളെ വഴിമധ്യേ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമായതാണ് നിർമാണ മേഖലയെ ആശങ്കയിലാക്കുന്നത്.
ചെന്നൈ, മംഗളൂരു റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി, ഹൗറ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽഡേഴ്സ് അസോസിയേഷൻ റെയിൽവേ അധികൃതർക്ക് കത്ത് നൽകി.
വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംഘടനയുടെ ഭാരവാഹികൾ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും. കോവിഡ് ലോക്ഡൗൺ കാലത്തെ സമാനമായ തൊഴിലാളി ക്ഷാമമാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികളെ സുരക്ഷിതമായി കേരളത്തിൽ എത്തിക്കാൻ മേസ്തിരിമാരുടെ നേതൃത്വത്തിൽ മുൻകൂറായി പണം നൽകിയാണ് നിർമാണ കമ്പനികൾ സംവിധാനമൊരുക്കുന്നത്. യാത്ര തുടങ്ങുമ്പോൾ തൊഴിലാളികളുടെ ആധാർ, ടിക്കറ്റ്, ഗ്രൂപ്പ് ഫോട്ടോ എന്നിവ കരാറുകാർക്ക് കൈമാറും.
എന്നാൽ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര വഴി മംഗളൂരു വഴിയും, ഒഡീഷ, ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈ വഴിയും എത്തുന്ന തൊഴിലാളികളെ ഇടത്താവളങ്ങളിൽ വെച്ച് സംഘങ്ങൾ റാഞ്ചുകയാണ്. കൂടുതൽ കൂലി വാഗ്ദാനം ചെയ്താണ് ഇവരെ വഴിയിൽ ഇറക്കുന്നത്.
ഇതിനെക്കുറിച്ച് ബിൽഡേഴ്സ് അസോസിയേഷൻ കേരള ചെയർമാൻ കെ.സതീഷ് കുമാർ പ്രതികരിച്ചത് ഇങ്ങനെ: “ഇത്തരത്തിൽ 200 പേരുടെ സംഘമായെത്തി ഇറങ്ങുമ്പോൾ 10– 20 പേർ മാത്രം അവശേഷിച്ച സംഭവവും അടുത്ത കാലത്തുണ്ടായെന്ന്.” പ്രധാനമായും തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കാണ് ഇത്തരത്തിൽ തൊഴിലാളികളെ കടത്തുന്നത്. 900 മുതൽ 1,000 രൂപ വരെയാണ് ശരാശരി കൂലി.
മൺസൂണിലെ പണിക്കുറവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മുതലെടുത്ത് 100 രൂപ അധികം നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഇവരെ വശീകരിക്കുന്നത്. എങ്കിലും, പെരുന്നാളിന് ശേഷം തൊഴിലാളികൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കെട്ടിടനിർമാണ മേഖല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

