സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്ക് ആദരമർപ്പിച്ചുകൊണ്ട് സപ്ലൈകോ നടപ്പിലാക്കിയ ‘വിമൻസ് 11’ പദ്ധതി വലിയ ജനശ്രദ്ധയാകർഷിച്ചു.
ഈ ക്യാമ്പയിന്റെ ഭാഗമായി നടന്ന വിലക്കിഴിവിലൂടെ മാത്രം രണ്ടരക്കോടി രൂപയുടെ വിൽപനയാണ് രേഖപ്പെടുത്തിയത്. ഈ മാസം 11 മുതൽ 11 ദിവസത്തെ കാലയളവിലേക്ക് മാത്രമായി ക്രമീകരിച്ചിരുന്ന ഈ പ്രത്യേക ഓഫർ പ്രയോജനപ്പെടുത്തിയത് 1,77,476 വനിതാ ഉപഭോക്താക്കളാണ്.
ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നീ 11 ഉൽപ്പന്നങ്ങൾക്കാണ് 11 ശതമാനം വിലക്കുറവ് ഏർപ്പെടുത്തിയത്. ഇവയിൽ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത് ശബരി വെളിച്ചെണ്ണയ്ക്കാണ്.
കണക്കുകൾ പ്രകാരം 85,000 ലീറ്റർ ശബരി വെളിച്ചെണ്ണയും, ഏകദേശം 35 ടണ്ണോളം ശബരി പുട്ടുപൊടിയും അപ്പം പൊടിയും ഈ കാലയളവിൽ വിറ്റഴിഞ്ഞു. ഉത്സവ സീസണുകളിൽ സപ്ലൈകോ പുറത്തിറക്കുന്ന പ്രത്യേക കിറ്റുകൾക്ക് ലഭിക്കാറുള്ള മികച്ച പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരമൊരു മാതൃക നടപ്പിലാക്കിയത്.
അതേസമയം, ബക്രീദ് പ്രമാണിച്ച് സപ്ലൈകോ പുറത്തിറക്കിയ പ്രത്യേക കിറ്റ് 26 വരെ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

