പശ്ചിമേഷ്യയിലെ നിലവിലുള്ള അശാന്തമായ സാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ സൗദി അറേബ്യയിലേക്കുള്ള യാത്രാനിരക്കുകളിൽ വൻ വർധന. പ്രമുഖ ഇന്ത്യൻ എയർലൈനുകൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതും, അവധിക്കാലത്തിനു ശേഷമുള്ള പ്രവാസികളുടെ മടക്കയാത്ര പൂർത്തിയാകാത്തതുമാണ് നിരക്കുകൾ ഉയർന്ന നിലയിൽ തുടരാൻ കാരണം.
കേരളത്തിൽ നിന്നു ഗൾഫിലേക്കുള്ള ആകെ യാത്രക്കാരിൽ 40 ശതമാനവും സൗദിയിലേക്ക് പോകുന്നവരാണ്. സാധാരണയായി സൗദി എയർലൈൻസിൽ ജിദ്ദ–കോഴിക്കോട് റൂട്ടിൽ 18,000 മുതൽ 25,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് നിലവിൽ 45,000നും 50,000നും ഇടയിലാണ്.
സാധാരണഗതിയിൽ സെപ്റ്റംബർ അവസാനത്തോടെ നിരക്കുകൾ സാധാരണ നിലയിലാകാറുണ്ടെങ്കിലും, ഇത്തവണ യുദ്ധസാഹചര്യവും വിമാന സർവീസുകളുടെ റദ്ദാക്കലും കാരണം ഒക്ടോബറിലും നിരക്കുകൾ കുറഞ്ഞിട്ടില്ല. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്ത്യൻ വിമാനക്കമ്പനികൾ വരുന്ന 23 വരെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
ഗൾഫ് എയർ ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര സർവീസുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. അതേസമയം, ടിക്കറ്റ് നിരക്ക് മൂന്നു ലക്ഷം രൂപയിലേക്ക് ഉയർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കി.
സർവീസുകൾ റദ്ദാക്കുന്നതും ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നതും മൂലം സ്വാഭാവികമായി ഉണ്ടാകാവുന്ന വർധന മാത്രമാണ് ഇപ്പോഴുള്ളതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി അൽഹിന്ദ് ട്രാവൽസ് ജിദ്ദ – കൊച്ചി റൂട്ടിൽ ഇന്നലെ പ്രത്യേക ചാർട്ടർ സർവീസ് നടത്തിയിരുന്നു.
സൗദിയിൽ നിന്നു കേരളത്തിലേക്ക് 23,000 മുതൽ 25,000 രൂപ വരെയും, കേരളത്തിൽ നിന്ന് സൗദിയിലേക്ക് തിരിക്കുന്നതിന് 30,000 മുതൽ 36,000 രൂപ വരെയുമാണ് ഈ ചാർട്ടർ വിമാനത്തിൽ ഈടാക്കിയതെന്ന് അൽഹിന്ദ് കോർപറേറ്റ് ഡയറക്ടർ നൂറുദ്ദീൻ എ.അഹമ്മദ് വ്യക്തമാക്കി. നാളെയും വരുന്ന 23നും കൂടുതൽ സർവീസുകൾ നടത്താൻ പദ്ധതിയുണ്ടെന്നും, അതിലും ശരാശരി നിരക്ക് ഇതേ രീതിയിൽ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

