വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ കൊലപാതക കേസുകളിലെ പ്രതികളെ പിടികൂടാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ ഗ്രിപ്’ സംഘം ഊർജിതമായ അന്വേഷണം തുടരുന്നതിനിടയിൽ, ഏറെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു പഴയ കൊലപാതക കേസ് വീണ്ടും ജനശ്രദ്ധയിൽ എത്തുന്നു. 2009 സെപ്റ്റംബർ 5ന് കൊല്ലപ്പെട്ട
സിറ്റി ഹൈസ്കൂൾ അധ്യാപികയും കണ്ണൂർ ഉരുവച്ചാൽ ചന്ദ്രവിഹാറിൽ താമസക്കാരിയുമായിരുന്ന ഹേമജയുടെ കൊലയാളിയെ ഇനിയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് സംശയിക്കപ്പെടുന്ന ഭർത്താവ് പന്നേൻപാറയിലെ ശശീന്ദ്രനെ കണ്ടെത്താൻ പൊലീസ് നടത്തിയേടത്തോളം ശ്രമങ്ങൾ ഇതുവരെയും വിജയം കണ്ടിട്ടില്ല.
നഗരസഭയിൽ റവന്യു ഇൻസ്പെക്ടറായി വിരമിച്ച അമ്പാടി ചന്ദ്രശേഖരന്റെയും ഇന്ദിരയുടെയും മകളായിരുന്നു കൊല്ലപ്പെട്ട ഹേമജ.
അന്ന് 46 വയസ്സായിരുന്നു ഇവരുടെ പ്രായം. മകൾക്ക് നീതി ലഭ്യമാക്കാൻ നിരന്തരമായ നിയമപോരാട്ടങ്ങൾ നടത്തിയ പിതാവ്, സംഭവത്തിന് രണ്ടര വർഷത്തിന് ശേഷം മരണത്തിന് കീഴടങ്ങി.
ഹേമജയെ ഭർത്താവും സുഹൃത്തും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കൃത്യത്തിന് ശേഷം ഭർത്താവ് ശശീന്ദ്രൻ ഒളിവിൽ പോവുകയായിരുന്നു.
സംഭവം നടന്ന് അഞ്ചാം ദിവസം തന്നെ ശശീന്ദ്രന്റെ കൂട്ടാളിയായ ആലക്കോട് സ്വദേശി ടി.എൻ.ശശിയെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രധാന സൂത്രധാരൻ ശശീന്ദ്രനാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകുകയും ചെയ്തു.
ഹേമജയുടെ സഹോദരിയുടെ ആഭരണങ്ങൾ ശശീന്ദ്രന്റെ കൈവശമുണ്ടായിരുന്നുവെന്നും, ഇത് തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമായിരുന്നു മൊഴിയിലെ പ്രധാന വിവരങ്ങൾ. കൊലപാതകം നടന്നതിന്റെ തലേദിവസം രാത്രി കടുത്ത വയറുവേദനയാണെന്ന് നാടകം കളിച്ച് ശശീന്ദ്രൻ ഹേമജയെയും കൂട്ടി ആശുപത്രിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
യാത്രാമധ്യേ കൂട്ടുകാരനും കാറിൽ കയറുകയും, തുടർന്ന് കാറിനുള്ളിൽ വെച്ച് കൊലപാതകം നടപ്പിലാക്കുകയുമായിരുന്നു. ശശീന്ദ്രൻ തന്നെയാണ് ഹേമജയുടെ കഴുത്തറുത്തതെന്നാണ് പൊലീസ് കണ്ടെത്തിയത്.
വിരമിച്ച ഡിവൈഎസ്പി പി.പി.സദാനന്ദനായിരുന്നു ഈ പ്രമാടമായ കേസിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

