വേമ്പനാട്ടുകായലിൽ സീസണിന്റെ തുടക്കത്തിൽ തന്നെ കൊഞ്ചിന്റെ ലഭ്യത വർധിച്ചത് കായലോരത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ വർഷം സീസണിന്റെ തുടക്കത്തിൽ ഒരു കൊഞ്ച് പോലും ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നിരുന്ന തൊഴിലാളികൾക്ക് ഇത്തവണ ദിവസേന 2 കിലോ മുതൽ 10 കിലോ വരെ ലഭിക്കുന്നുണ്ട്.
2018ലെ പ്രളയത്തിനു ശേഷം മാത്രമാണ് കായലിൽ കൊഞ്ചിന്റെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായത്. നിലവിൽ കുമരകം മുതൽ വെച്ചൂർ വരെയുള്ള കായലോര മേഖലയിലെ തൊഴിലാളികൾക്ക് ദിവസേന 400 മുതൽ 500 കിലോഗ്രാം വരെ കൊഞ്ച് ലഭിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂലൈ മാസത്തിലാണ് കായലിൽ കൊഞ്ച് പിടിത്തം ആരംഭിക്കുന്നത്. നാലു മാസമാണ് ഈ സീസണിന്റെ കാലാവധി.
പെട്ടക്കാലൻ, താമരക്കാലൻ എന്നിങ്ങനെ രണ്ടു പ്രധാന ഇനം കൊഞ്ചുകളാണ് ഇവിടെയുള്ളത്. കാലുകൾക്ക് നീളക്കൂടുതലുള്ളതിനാലാണ് ഇവയ്ക്ക് പെട്ടക്കാലൻ എന്ന പേര് ലഭിച്ചത്.
എന്നാൽ, താമരക്കാലൻ ഇനത്തിലുള്ള കൊഞ്ചുകൾക്ക് കാലിന്റെ നീളം കുറവായിരിക്കും. കായലിൽ നിന്നാണ് ഇവയെ പിടിക്കുന്നതെങ്കിലും പൊതുവെ ആറ്റുകൊഞ്ച് എന്നാണ് ഇവ അറിയപ്പെടുന്നത്.
ആറുകളിൽ മുട്ടയിട്ടു വിരിയുന്ന കൊഞ്ചു കുഞ്ഞുങ്ങൾ മഴക്കാലത്തെ കുത്തൊഴുക്കിലൂടെയാണ് വേമ്പനാട്ടുകായലിൽ എത്തിച്ചേരുന്നത്. കായലിലെത്തുന്ന കുഞ്ഞുങ്ങൾ വേഗത്തിൽ വളർച്ച പ്രാപിക്കുന്നു.
ആറുകളിൽ നിന്നെത്തുന്നതുകൊണ്ടാണ് ഇവയ്ക്ക് ആറ്റുകൊഞ്ച് എന്ന പേര് വരാൻ കാരണം. എങ്കിലും, കായലിൽ നേരിട്ട് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന കൊഞ്ചുകളുമുണ്ട്.
കായൽ ഭാഗത്ത് ഉപ്പിന്റെ അളവ് വർധിച്ചതാണ് ഇത്തവണത്തെ മികച്ച ഉൽപാദനത്തിന് പ്രധാന അനുകൂല ഘടകമായത്. കൊഞ്ച് പിടിക്കുന്നതിനായി പ്രധാനമായും മൂന്ന് രീതികളാണ് തൊഴിലാളികൾ അവലംബിക്കുന്നത്.
പച്ചക്കപ്പയാണ് കൊഞ്ചിനെ വശീകരിക്കാൻ ഉപയോഗിക്കുന്ന പ്രധാന തീറ്റ. ഇത് നൂലിൽ കെട്ടി കായലിൽ താഴ്ത്തുകയും, ഇതിന്റെ അറ്റം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിൽ ബന്ധിക്കുകയും ചെയ്യും.
തീറ്റയിൽ കൊഞ്ച് വന്നു പിടിക്കുമ്പോൾ ഉണ്ടാകുന്ന പൊങ്ങുതടിയുടെ ചലനം നിരീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികൾ വലവീശുന്നത്. ഈ രീതിയിലൂടെ തൊഴിലാളികൾക്ക് 2 മുതൽ 4 കിലോഗ്രാം വരെ കൊഞ്ച് ലഭിക്കാറുണ്ട്.
ബോട്ട് ജെട്ടി ഭാഗം മുതൽ തെക്കോട്ടുള്ള കായൽ മേഖലകളിലാണ് ഈ രീതി വ്യാപകമായിട്ടുള്ളത്. രണ്ടാമത്തെ രീതിയിൽ, കായലിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിനു മീതെ കാണത്തക്ക വിധത്തിൽ കമ്പുകൾ (കൊടി) നാട്ടി അതിനു ചുറ്റും പച്ചക്കപ്പ ഉരച്ചു പൊടിയാക്കിയ തീറ്റയിടും.
കൊഞ്ച് തീറ്റ തിന്നാൻ എത്തുന്നതു മനസിലാക്കി പിന്നീട് വലവീശുന്നു. ഈ മാർഗ്ഗത്തിലൂടെ 8 മുതൽ 10 കിലോഗ്രാം വരെ കൊഞ്ച് ലഭിക്കാറുണ്ട്.
ചീപ്പുങ്കൽ കായൽ ഭാഗം മുതൽ വടക്കുഭാഗത്തുള്ളവരാണ് സാധാരണയായി ഈ രീതി പിന്തുടരുന്നത്. കൂടാതെ, കായലിൽ നീട്ടുവല ഇടുമ്പോൾ അതിൽ കുടുങ്ങിയും കൊഞ്ചിനെ ലഭിക്കാറുണ്ട്.
ഈ രീതി കായലിൽ എല്ലാ ഭാഗത്തും നിലവിലുണ്ട്. തൊഴിലാളികൾ പിടിക്കുന്ന കൊഞ്ചുകൾ നാട്ടിലെ കച്ചവടക്കാർക്കാണ് നൽകുന്നത്.
100 ഗ്രാമിനു മുകളിലുള്ള കൊഞ്ചിന് തൊഴിലാളികൾക്ക് കിലോയ്ക്ക് 800 മുതൽ 900 രൂപ വരെ വില ലഭിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതാണ് കൊഞ്ചിന് ഉയർന്ന വില ലഭിക്കാൻ കാരനം.
പ്രമുഖ കമ്പനികൾ നേരിട്ടെത്തിയാണ് കച്ചവടക്കാരിൽ നിന്നും കൊഞ്ച് ശേഖരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

