ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ കലവൂർ കൃപാസനം പള്ളിയിൽ ഈ മാസം 24ന് നടക്കുന്ന അഖണ്ഡ ജപമാല റാലിയോട് അനുബന്ധിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും മുൻനിർത്തി ഒക്ടോബർ 23, 24 തീയതികളിലാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് അധികൃതർ അറിയിച്ചു.
നാളെ രാത്രി 8 മണി മുതൽ 24ന് ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് ചരക്ക് വാഹനങ്ങൾക്ക് പ്രധാനമായും നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ വഴി കായംകുളം, കൊല്ലം ഭാഗങ്ങളിലേക്ക് പോകുന്ന വലിയ ചരക്ക് വാഹനങ്ങളും, തിരിച്ച് കൊല്ലം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട
വലിയ ചരക്ക് വാഹനങ്ങളും എംസി റോഡ് വഴി തിരിച്ചുവിടുന്നതാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വേണ്ടി പ്രധാന ജങ്ഷനുകളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കും.
പതിനൊന്നാം മൈൽ ജംക്ഷനു വടക്ക് ട്രാവൻകൂർ പാലസ് ഹോട്ടലിന് മുൻവശത്തുള്ള ഹൈവേയിൽ വടക്കുനിന്നു വരുന്ന വാഹനങ്ങൾ തടയും. കൃപാസനം പള്ളിയിലേക്കുള്ള വാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾ, എമർജൻസി വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഈ ഭാഗത്തുനിന്ന് തെക്കോട്ട് പോകാൻ അനുവാദമുള്ളത്.
ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട മറ്റ് വാഹനങ്ങൾ പതിനൊന്നാം മൈൽ ജംക്ഷനിൽനിന്നു കിഴക്കോട്ട് തിരിഞ്ഞ് തണ്ണീർമുക്കം- ആലപ്പുഴ റോഡിൽ മുട്ടത്തിപ്പറമ്പ് കവലയിലെത്തി തെക്കുഭാഗത്തേക്ക് പോയി കൈചൂണ്ടി, കൊമ്മാടി ജംക്ഷൻ വഴി ആലപ്പുഴയിലേക്ക് പോകേണ്ടതാണ്.
തീർഥാടകരുമായി എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ്, ഇറങ്ങാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചേർത്തല ഭാഗത്തുനിന്ന് തീർഥാടകരുമായി വരുന്ന വാഹനങ്ങൾ കളിത്തട്ട് ജംക്ഷന് വടക്കുവശം, ചാരങ്കാട്ട് പെട്രോൾ പമ്പിന് മുൻവശം എന്നിങ്ങനെ യൂ ടേൺ എടുക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ തീർഥാടകരെ ഇറക്കിയ ശേഷം ഹൈവേയിലൂടെ തിരികെ പോകണം.
ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കലവൂർ അടിപ്പാതയ്ക്ക് തെക്കുവശത്തുനിന്ന് സർവീസ് റോഡിലേക്ക് കയറി അടിപ്പാതയുടെ പടിഞ്ഞാറേ ജംക്ഷനിൽ തീർഥാടകരെ ഇറക്കിയ ശേഷം കാട്ടൂർ ജംക്ഷൻ വഴി അർത്തുങ്കലിലേക്ക് പോകേണ്ടതാണ്. തണ്ണീർമുക്കം ബണ്ട് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ മുഹമ്മ റോഡിലേക്ക് പ്രവേശിപ്പിക്കാതെ ചേർത്തല എക്സ്റേ ജംക്ഷൻ ഭാഗത്തേക്ക് വഴിതിരിച്ചുവിടും.
എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുന്ന വാഹനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ അരൂരിൽനിന്നു പൂച്ചാക്കൽ ഭാഗത്തേക്ക് തിരിഞ്ഞ് ചേർത്തല, മുഹമ്മ വഴി ആലപ്പുഴയിൽ പ്രവേശിക്കണം. കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകേണ്ട
വാഹനങ്ങൾ അത്യാവശ്യഘട്ടത്തിൽ ആലപ്പുഴ കളർകോട്നിന്ന് തിരിഞ്ഞ് ചങ്ങനാശേരി വഴി എംസി റോഡിലൂടെ പോകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

