രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ സേവനം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ പ്രഥമ വന്ദേഭാരത് സ്ലീപ്പർ സർവീസാണ് ബെംഗളൂരു-മുംബൈ റൂട്ടിൽ യാഥാർത്ഥ്യമാകുന്നത്.
പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ നിലവിലുള്ള 24 മണിക്കൂർ യാത്രാദൂരം 16 മണിക്കൂറായി ഗണ്യമായി കുറയും. മൊത്തം 16 എസി കോച്ചുകൾ ഉൾക്കൊള്ളുന്നതാണ് ഈ സർവീസ്.
ഇതിൽ ആകെ 823 ബെർത്തുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും രാത്രി 7.50-ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ പിറ്റേദിവസം രാവിലെ 11.55-ഓടെ ലക്ഷ്യസ്ഥാനമായ മുംബൈയിലെത്തും.
കൃത്യമായി പറഞ്ഞാൽ, ബെംഗളൂരു-മുംബൈ യാത്രയ്ക്ക് 16 മണിക്കൂറും അഞ്ച് മിനിറ്റുമാണ് യാത്രാസമയം വരുന്നത്. മറുമാർഗ്ഗത്തിൽ, മുംബൈയിൽ നിന്ന് രാത്രി 8.10-ന് യാത്ര തിരിക്കുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55-ന് ബെംഗളൂരുവിൽ തിരിച്ചെത്തും.
ഇവിടെ മുംബൈ-ബെംഗളൂരു യാത്രയ്ക്ക് 15 മണിക്കൂറും 45 മിനിറ്റുമാണ് ദൈർഘ്യം. ആഴ്ചയിൽ ആറു ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.
അതേസമയം, കേന്ദ്രമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് റെയിൽവേ ബോർഡിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

