പുത്തൻചിറ ∙ സെറിബ്രൽ പാൾസിയോട് പൊരുതി പഠനരംഗത്ത് മുന്നേറുന്ന എംബിഎ ഫസ്റ്റ് സെമസ്റ്റർ വിദ്യാർഥി കെ.പി.അർച്ചനയ്ക്കായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അടിയന്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. രണ്ടാംനിലയിലെ ക്ലാസ് മുറിയിലേക്കും ഹോസ്റ്റലിലേക്കും വീൽചെയറിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന അർച്ചനയുടെ പ്രതിസന്ധി മനസ്സിലാക്കിയ മുഖ്യമന്ത്രി വി.ഡി.സതീശൻ കുസാറ്റ് വൈസ് ചാൻസലറുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചതിനെത്തുടർന്നാണ് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ തീരുമാനമായത്.
കണ്ണിക്കുളങ്ങര സ്വദേശികളായ പ്രജോഷിന്റെയും പ്രമിതയുടെയും മകളാണ് സെറിബ്രൽ പാൾസി ബാധിതയായി വീൽചെയറിൽ സഞ്ചരിക്കുന്ന കെ.പി.അർച്ചന. സ്കൂൾ, കോളജ് കാലഘട്ടങ്ങളിൽ അമ്മയുടെ നേതൃത്വത്തിലുള്ള മുച്ചക്ര വാഹനത്തിലാണ് അർച്ചനയെ യാത്ര1 ചെയ്തിരുന്നത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി എംബിഎ നേടുകയെന്ന ലക്ഷ്യത്തോടെയാണ് കുസാറ്റിൽ അർച്ചന പ്രവേശനം നേടിയത്. എന്നാൽ ക്ലാസുകൾ നടക്കുന്ന രണ്ടാം നിലയിലേക്ക് റാംപ് സൗകര്യം ഇല്ലാത്തതും ഹോസ്റ്റലിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതും വലിയ പ്രതിസന്ധിയായി മാറി.
തുടർന്ന് അമ്മയുടെയും സഹപാഠികളുടെയും സഹായത്തോടെയാണ് ഗോവണികൾ കയറി ക്ലാസുകളിൽ എത്തിയിരുന്നത്. മകളെ ക്ലാസ് മുറിയിൽ എത്തിക്കുന്നതിനായി അമ്മ പ്രമിതയ്ക്ക് ഹോസ്റ്റലിൽ തന്നെ തങ്ങേണ്ടി വരുന്ന സാഹചര്യവുമുണ്ടായി.
ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം തേടി അർച്ചന പലരെയും സമീപിച്ചെങ്കിലും നടപടികൾ വൈകുകയായിരുന്നു. ഒടുവിൽ പരാതി പറവൂരിലെ മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസിൽ എത്തിച്ചേർന്നു.
വീൽചെയറിലെത്തി തന്നെ കണ്ട അർച്ചനയോട് മുഖ്യമന്ത്രി നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തൊട്ടുപിന്നാലെ സർവകലാശാല വൈസ് ചാൻസലറെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. ഒന്നാം നിലയിൽ നിന്ന് ക്ലാസ് മുറി പ്രവർത്തിക്കുന്ന രണ്ടാം നിലയിലേക്ക് റാംപ് നിർമിക്കാനും അതുവരെ ക്ലാസ് താഴത്തെ നിലയിൽ ക്രമീകരിക്കാനും മുഖ്യമന്ത്രി കർശന നിർദേശം നൽകി.
കൂടാതെ കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ മുഴുവൻ അംഗീകരിച്ചുകൊണ്ടുള്ള വിസിയുടെ ഔദ്യോഗിക സന്ദേശം ലഭിച്ച ശേഷമാണ് മുഖ്യമന്ത്രി അർച്ചനയെ യാത്രയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

