മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സന്നിധാനത്തെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമായി. ഇതിന്റെ ആദ്യഘട്ടമായി 450 ക്യാമറകൾ ഉൾപ്പെടുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനം, പമ്പ, നിലയ്ക്കൽ, മരക്കൂട്ടം എന്നീ മേഖലകളിലെ ഭക്തരുടെ ഒഴുക്ക് ഒരു കേന്ദ്രീകൃത കൺട്രോൾ റൂം വഴി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള വെർച്വൽ ക്യൂ സംവിധാനവും ഈ പുതിയ നെറ്റ്വർക്കുമായി സംയോജിപ്പിക്കും.
ഇതിനായുള്ള പ്രധാന കൺട്രോൾ റൂം പമ്പയിൽ സ്ഥാപിക്കാനാണ് തീരുമാനം. കേരള പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്.
പൂർണമായും ഓട്ടോമേറ്റഡ് ആയ എഐ സംവിധാനത്തിൽ ഇൻഫ്രാറെഡ് സെൻസറുകളും ഡ്രോൺ ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സന്നിധാനം, പമ്പ-സന്നിധാനം നടപ്പാതകൾ, പമ്പ, നിലയ്ക്കൽ, പത്തനംതിട്ട, എരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള പ്രധാന പാതകൾ എന്നിവയെല്ലാം ജിപിഎസ് മാപ്പിംഗിന്റെ പരിധിയിൽ കൊണ്ടവരും.
ഇതിലൂടെ മണിക്കൂറുകൾ തോറും ഉണ്ടാകാൻ സാധ്യതയുള്ള ജനത്തിരക്ക് മുൻകൂട്ടി വിലയിരുത്താൻ പൊലീസിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സന്നിധാനത്ത് സുരക്ഷാ നിരീക്ഷണത്തിനായി ആകെ 435 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ 345 എണ്ണം ദേവസ്വം ബോർഡിന്റെ വകയും 90 എണ്ണം പൊലീസിന്റെ നിയന്ത്രണത്തിലുമാണ്. ഇതിനുപുറമേയാണ് പുതിയ എഐ ക്യാമറകൾ കൂടി നിലവിൽ വരുന്നത്.
കഴിഞ്ഞ തീർഥാടന കാലത്ത് പതിനെട്ടാം പടി കയറാൻ ഭക്തർക്ക് 8 മുതൽ 10 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നിരുന്നു. ക്യൂ നിന്ന് അവശരായ ചിലർ വനപാതയിലൂടെ നേരിട്ട് സന്നിധാനത്ത് എത്തിയതും വലിയ തോതിൽ തിക്കും തിരക്കും സൃഷ്ടിക്കാൻ കാരണമായിരുന്നു.
ഇത് പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളെയും കണക്കുകൂട്ടലുകളെയും ബാധിച്ചിരുന്നു. സമാനമായ അനിഷ്ട
സംഭവങ്ങളും അനിയന്ത്രിതമായ തിരക്കും ആവർത്തിക്കാതിരിക്കാൻ പുതിയ എഐ നിരീക്ഷണ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

