കൂടരഞ്ഞി പൂവാറൻതോട് കല്ലംപുല്ല് മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. സജിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാനകൾ കൂട്ടമായെത്തിയത്.
രാത്രി പന്ത്രണ്ടരയോടെ കുട്ടിയാന ഉൾപ്പെടെ ആറോളം വരുന്ന ആനകൾ സജിയുടെ പുരയിടത്തിലും വീട്ടുമുറ്റത്തുമായി തമ്പടിക്കുകയായിരുന്നു. നായയുടെ കുര കേട്ട് പുറത്തിറങ്ങിയ സജി, വീട്ടുമുറ്റത്ത് നിൽക്കുന്ന ആനകളെ ബഹളം വെച്ചും പടക്കം പൊട്ടിച്ചും കല്ലെറിഞ്ഞുമാണ് തുരത്തിയത്.
സജിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വീടിനു നേരെയുണ്ടായേക്കാവുന്ന ആക്രമണം ഒഴിവായത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ആനകളെ വനാതിർത്തിയിലേക്ക് മാറ്റുകയും ചെയ്തു.
കല്ലംപുല്ല് വനാതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം സ്ഥിരമായി രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ആർആർടി സംഘം പരിശോധന നടത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ കുലച്ചു മൂപ്പെത്തിയ അൻപതോളം വാഴകളും, നിരവധി ജാതിമരങ്ങളും കാപ്പിച്ചെടികളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. പുരയിടം പൂർണ്ണമായും ഉഴുതുമറിച്ച നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

