കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി രേഖപ്പെടുത്തി കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്ത്. ഡൽഹി ജന്തർ മന്ദറിലെ സമരവേദിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് തിരികെ വരില്ലായിരുന്നു, ഈ വലിയ പ്രസ്ഥാനം ആരംഭിക്കുമായിരുന്നുമില്ല,” എന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ മേയ് 15-ന് മുതിർന്ന അഭിഭാഷകരുടെ പദവിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിന്റെ വാദത്തിനിടയിൽ, തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചിരുന്നു.
ഈ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. എന്നാൽ വ്യാജ നിയമ ബിരുദമുള്ളവരെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്നും മാധ്യമങ്ങൾ അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
മുമ്പ് ആം ആദ്മി പാർട്ടിയിൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥിയായ അഭിജിത്ത് ദീപ്കെ, മേയ് 16-ന് എക്സിൽ പങ്കുവെച്ച പരിഹാസരൂപത്തിലുള്ള പോസ്റ്റിലൂടെയാണ് കോക്ക്റോച്ച് ജനതാ പാർട്ടിക്ക് രൂപം നൽകിയത്. തൊഴിലില്ലായ്മ നേരിടുന്നവരും മടിയന്മാരും നിരന്തരം ഓൺലൈനിൽ സജീവമായിരിക്കുന്നവരുമായ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഒരു വേദിയെന്ന നിലയിലാണ് ഇത് ആരംഭിച്ചത്.
തുടർന്ന് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ദീപ്കെ ഇന്ത്യയിലെത്തുകയും ജന്തർ മന്ദറിൽ സമരമാരംഭിക്കുകയും ചെയ്യുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ, ജൂൺ 28-ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമിട്ടു.
തുടർന്ന് 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളെത്തുടർന്ന് അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യില്ലെന്നും, പരീക്ഷാ രംഗത്ത് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുന്നത് പാർലമെന്റ് ചർച്ച ചെയ്യുമെന്നും, പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയിരുന്നു.
കഴിഞ്ഞ ജൂലൈ 20-ലെ ലാത്തിച്ചാർജ്ജും സർക്കാരിന്റെ കർശന നിലപാടുകളും നിലനിന്നിട്ടും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി കോക്ക്റോച്ച് ജനതാ പാർട്ടി സമരത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും രാജ്യവിരുദ്ധ ശക്തികൾ സമരം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കി ധർമ്മേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

