സംസ്ഥാനത്തെ പ്രധാനപ്പെട്ട കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാൾ പ്രമാണിച്ച് വൻ കച്ചവടം രേഖപ്പെടുത്തി.
വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ വിനിമയമാണ് ചന്തയിൽ നടന്നത്. സാധാരണ ദിവസങ്ങളിൽ പരമാവധി 35 ലോഡ് കന്നുകാലികൾ എത്താറുള്ള സ്ഥാനത്ത്, ഇത്തവണ 63 ലോഡ് കന്നുകാലികളാണ് ചന്തയിലേക്ക് എത്തിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചതും ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായി. മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് നിരവധി വ്യാപാരികളും ഇടപാടുകാരും ചന്തയിൽ എത്തിയിരുന്നു.
ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കന്നുകാലികൾ ഇവിടെയെത്തിയത്. കഴിഞ്ഞ പെരുന്നാൾ കാലത്തെ അപേക്ഷിച്ച് മികച്ച വ്യാപാരമാണ് ഇത്തവണ അനുഭവപ്പെട്ടത്.
തിങ്കൾ, ബുധൻ ദിവസങ്ങളിൽ ചന്തയിൽ ഇടച്ചന്തകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്ക്കായി എത്തിച്ച മുറ ഇനത്തിൽപ്പെട്ട
ഭീമൻ പോത്ത് ചന്തയിലെ പ്രധാന ആകർഷണമായി. 10 ലക്ഷം രൂപ വിലമതിക്കുന്ന ഈ പോത്തിനെ മഹാരാഷ്ട്രയിൽ നിന്ന് മൂന്നുദിവസം മുൻപാണ് വാണിയംകുളത്ത് എത്തിച്ചത്.
3000 കിലോയിലധികം ഭാരമുള്ള ഈ പോത്തിന് 8 ലക്ഷം രൂപ വരെ കച്ചവടക്കാർ വില പറഞ്ഞെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല. ഭീമൻ പോത്തിനെ നേരിൽ കാണാൻ വൻ ജനത്തിരക്കാണ് ചന്തയിൽ അനുഭവപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

