വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ നശിച്ചുപോയിരുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ദിവസവും ലോഡുകണക്കിന് ചക്കയാണ് വയനാട്ടിലെ തോട്ടങ്ങളിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെ വിവിധ വിപണികളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്നത്.
കർണാടകയിലെ പഴവിപണികളിൽ പച്ചച്ചക്കയും പഴുത്ത ചക്കയും ചക്കച്ചുളകളും പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില. ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്.
ഒരു വലിയ ചക്ക വിറ്റഴിക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
വയനാടൻ ചക്കയ്ക്ക് ഉത്തരേന്ത്യൻ വിപണികളിലും വലിയ ഡിമാൻഡാണുള്ളത്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലായാണ് ഇവ ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
ഇത്തരത്തിൽ ഓരോ വർഷവും ടൺ കണക്കിന് ചക്കയാണ് ജില്ലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത്. എന്നാൽ, ജില്ലയിൽ വിളയുന്ന ചക്കയുടെ ഭൂരിഭാഗവും സംസ്കരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തോട്ടങ്ങളിൽ തന്നെ കിടന്ന് നശിക്കുകയാണ്.
ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, അവയുടെ വിപണനത്തിനോ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനോ വേണ്ടിയുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ജില്ലയിൽ ഇല്ലാത്തത് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

