പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മന്ത്രിസഭയിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. എൽഡിഎഫിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് 12 സീറ്റുകൾ സ്വന്തമാക്കിയ യുഡിഎഫ്, കോൺഗ്രസിനും മുസ്ലിം ലീഗിനും ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം ഇത്തവണ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, അന്തിമ പ്രഖ്യാപനം വന്നപ്പോൾ കോൺഗ്രസിന് അവസരം പൂർണമായും നഷ്ടപ്പെടുകയും, പാറക്കൽ അബ്ദുല്ലയ്ക്ക് അവസാന രണ്ടര വർഷം മന്ത്രിസ്ഥാനം നൽകുമെന്ന ഉറപ്പ് മാത്രം ലീഗിന് ലഭിക്കുകയും ചെയ്തു. കോൺഗ്രസ് പാളയത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് മന്ത്രിയാകുമെന്നത് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
മുതിർന്ന നേതാവ് എന്ന നിലയിലും സമുദായ സമവാക്യങ്ങൾ പരിഗണിച്ചും അദ്ദേഹത്തിന്റെ പേര് അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നു. എന്നിട്ടും അന്തിമ പട്ടികയിൽ ഇടംപിടിക്കാതെ പോയത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ജില്ലയിലെ ചില നേതാക്കളുടെ അട്ടിമറി നീക്കങ്ങളാണ് കോഴിക്കോടിന്റെ അർഹമായ അവസരം നഷ്ടപ്പെടുത്തിയതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള വിമർശനങ്ങൾ വ്യാപകമാണ്.
ജില്ലയ്ക്കായി ശക്തമായ നിലപാടെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചില്ലെന്ന് താഴെത്തട്ടിലുള്ള പ്രവർത്തകർ വിലയിരുത്തുന്നു. മറ്റ് ജില്ലകളിലെ നേതാക്കൾ മന്ത്രിസ്ഥാനത്തിനായി ശക്തമായ സമ്മർദം ചെലുത്തിയപ്പോൾ കോഴിക്കോടിൽ നിന്നുള്ള നേതാക്കൾ മൗനം പാലിച്ചു.
25 വർഷമായി എംഎൽഎമാരില്ലാതിരുന്ന കോഴിക്കോട് ജില്ലയിൽ പുതിയൊരു അധികാര കേന്ദ്രം ഉയർന്നു വരുന്നത് ചില നേതാക്കൾക്ക് താല്പര്യമില്ലായിരുന്നുവെന്നും, ഇതിന്റെ ഭാഗമായാണ് മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ഇടപെടലുകൾ ബോധപൂർവം ഒഴിവാക്കിയതെന്നും സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളിൽ വിമർശനമുയരുന്നു. മുസ്ലിം ലീഗിന്റെ കാര്യത്തിലും സമാനമായ സാഹചര്യമാണുണ്ടായത്.
അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന പാറക്കൽ അബ്ദുല്ലയെ അവസാന മണിക്കൂറിൽ ഒഴിവാക്കിയതിനെതിരെ പാർട്ടി അണികൾക്കിടയിലും അമർഷമുണ്ട്. കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായതോടെ ലീഗ് നേതൃത്വം വേണ്ടത്ര സമ്മർദം ചെലുത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പാറക്കൽ അബ്ദുല്ലയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് നേതൃത്വത്തിന് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

