പാതിവഴിയിൽ നിലച്ച നിർമാണപ്രവർത്തനങ്ങളും അധികൃതരുടെ അവഗണനയും കാരണം ദുരിതത്തിലായിരിക്കുകയാണ് മണിയൻകിണർ ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ. മഴക്കാലത്ത് വാതിലുകളും ജനലുകളുമില്ലാത്ത അപൂർണ്ണമായ വീടുകളിലാണ് ഇവർ അന്തിയുറങ്ങുന്നത്.
തണുപ്പും മഴയും പ്രതിരോധിക്കാൻ വാതിൽ ഭാഗങ്ങളിൽ പായകളും പ്ലാസ്റ്റിക് ഷീറ്റുകളുമാണ് ഇവർ വലിച്ചുകെട്ടിയിരിക്കുന്നത്. പുതിയ വീടുകൾ നിർമിച്ചുനൽകുമെന്ന അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് സ്വന്തം കൈവശമുണ്ടായിരുന്ന ചെറിയ വീടുകൾ പൊളിച്ചു കളഞ്ഞതാണ് തങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് ഉന്നതിയിലെ ഓമനകൃഷ്ണൻ പറയുന്നു.
രണ്ട് വർഷമായി ഷെഡുകളിലാണ് താമസം. “വാർക്കവീട് നിർമിച്ചു തരാം എന്ന സർക്കാരിന്റെ വാക്കു വിശ്വസിച്ച്, സ്വന്തമായി പണിതുണ്ടാക്കിയ ചെറിയ വീടുകൾ പൊളിച്ചുകളഞ്ഞതാണു തങ്ങൾക്കു പറ്റിയ ഏറ്റവും വലിയ മണ്ടത്തരം,” എന്ന് അവർ വ്യക്തമാക്കുന്നു.
അന്നുണ്ടായിരുന്ന ചെറിയ തൊഴുത്തിലേക്ക് സാധനങ്ങൾ മാറ്റി അവിടെയാണ് ഇപ്പോൾ താമസിക്കുന്നത്. പുതിയ വീടിന്റെ വാർപ്പ് കഴിഞ്ഞയുടൻ കരാറുകാരൻ മുങ്ങുകയായിരുന്നു.
വർഷങ്ങൾ രണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും തൊഴുത്തിൽ തന്നെയാണു താമസം. പൂർത്തിയാവാത്ത വീടുകളെക്കുറിച്ചും കുട്ടികൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ചും മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനെ തുടർന്ന്, ഉന്നതിയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ കലക്ടർ ശിഖ സുരേന്ദ്രൻ വീടുകളുടെ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
കൂടാതെ, ട്രൈബൽ ഡവലപ്മെന്റ് ഓഫിസറോട് അടിയന്തര നടപടി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ കലക്ടറുടെ സന്ദർശനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും നിർമാണം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.
കഴിഞ്ഞ ജൂലൈ 30ന് അകം പഞ്ചായത്തിലേക്ക് ഈ പദ്ധതിക്കുള്ള ഫണ്ട് എത്തുമെന്നും, ഫണ്ട് എത്തിയ ഉടൻ നിർമാണം ആരംഭിക്കുമെന്നുമാണ് പഞ്ചായത്ത് മെംബറും ബന്ധപ്പെട്ട അധികാരികളും ഒടുവിൽ നൽകിയ വാഗ്ദാനം.
ആ വാക്ക് നൽകിയ ദിവസവും കഴിഞ്ഞ് ഇപ്പോൾ ഒരു ആഴ്ച പിന്നിട്ടിരിക്കുന്നു. മഴ നനയാതെ തലചായ്ക്കാൻ തങ്ങൾക്ക് ഇനിയൊരു വീട് എപ്പോഴാണ് ലഭിക്കുകയെന്ന ആശങ്കയിലാണ് ഈ ജനവിഭാഗം.
അതേസമയം, ഉന്നതിയിലെ കുടുംബങ്ങളുടെ ക്ഷേമം അന്വേഷിക്കേണ്ട ട്രൈബൽ പ്രമോട്ടർമാർ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഓരോ മാസവും ഉന്നതിയിലെ വീടുകൾ സന്ദർശിച്ച് അംഗങ്ങളുടെ ആരോഗ്യസ്ഥിതി, തൊഴിൽ, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ചു ട്രൈബൽ വകുപ്പിൽ റിപ്പോർട്ട് നൽകേണ്ട ചുമതലയാണ് പ്രമോട്ടർമാർക്കുള്ളത്.
പ്രമോട്ടർമാർ വകുപ്പിന് റിപ്പോർട്ടുകൾ നൽകുന്നുണ്ടാകാമെങ്കിലും, തങ്ങളുടെ വീടുകളിലേക്ക് ഇവർ തിരിഞ്ഞുനോക്കാറില്ലെന്നാണ് ഉന്നതിവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. വല്ലപ്പോഴും വന്നുപോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ വാഗ്ദാനങ്ങളിൽ മാത്രമാണ് ഇനിയെല്ലാ പ്രതീക്ഷകളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

