കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണശ്രമത്തിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമസംഭവം നടന്നത്.
ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് സുരക്ഷാ ജീവനക്കാരനെ മുറിക്കുള്ളിലാക്കി പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.
20,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന പ്രതി, പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർക്കുകയും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയും ചെയ്തു.
തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം ലഭ്യമായില്ല. പിന്നീട് ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്ന മോഷ്ടാവ്, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്ത് പണം കൈക്കലാക്കി.
പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടയിൽ, മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി. ഇതിനെത്തുടർന്ന് മോഷ്ടാവും ജീവനക്കാരനും തമ്മിൽ സംഘർഷമുണ്ടായി.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” വൈഷ്ണവ് വ്യക്തമാക്കി. ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം പ്രതി പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും മോഷ്ടാവിന്റേതെന്ന് കരുതുന്ന രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവും ജീവനക്കാരനും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

