സ്മാർട്ട് ഹോം ഉപയോക്താക്കൾക്കായി പുതിയ മാറ്റങ്ങളുമായി ഗൂഗിൾ എത്തിയിരിക്കുന്നു. കഴിഞ്ഞ അപ്ഡേറ്റ് പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഗൂഗിൾ ഹോം ആപ്പ്, ജെമിനി ഫോർ ഹോം എന്നിവയ്ക്കായി പുതിയ അപ്ഡേറ്റുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
സംഭാഷണങ്ങൾ അവസാനിപ്പിക്കുന്ന രീതിയിലും കാലാവസ്ഥ വിവരങ്ങൾ നൽകുന്നതിലും ജെമിനി കൂടുതൽ സ്വാഭാവികത കൈവരിച്ചിട്ടുണ്ട് എന്നതാണ് പ്രധാന സവിശേഷത. ഒക്ടോബർ 14-ലെ റിലീസ് നോട്ടീസ് പ്രകാരം, ഉപയോക്താക്കൾ സംഭാഷണം അവസാനിപ്പിക്കുന്ന രീതിക്ക് അനുസരിച്ചാണ് ജെമിനി ഇനി പ്രതികരിക്കുക.
“നന്ദി” (thank you) എന്ന് പറഞ്ഞാൽ ഹ്രസ്വവും ഊഷ്മളവുമായ മറുപടി നൽകി സംഭാഷണം അവസാനിപ്പിക്കും. എന്നാൽ “നിർത്തുക” (stop) എന്ന് നിർദ്ദേശിച്ചാൽ മറ്റ് മറുപടികൾ ഒന്നുമില്ലാതെ മൈക്രോഫോൺ പെട്ടെന്ന് തന്നെ ഓഫ് ചെയ്യും.
സംഗീതമോ ടൈമറുകളോ അലാറങ്ങളോ നിർത്തുന്നതിന് പകരം “സ്റ്റോപ്പ്” എന്ന് പറയുന്നത് സംഭാഷണം അവസാനിപ്പിക്കാനാണെന്ന് ജെമിനി തെറ്റായി വ്യാഖ്യാനിച്ചിരുന്ന പ്രശ്നത്തിനും ഇതോടെ പരിഹാരമായിട്ടുണ്ട്. കൂടാതെ, ആപ്പിൽ ഉപയോക്താക്കൾ സജ്ജീകരിച്ചിരിക്കുന്ന താപനില യൂണിറ്റുകൾക്കനുസരിച്ചുള്ള കാലാവസ്ഥ വിവരങ്ങൾ നൽകാനും ജെമിനിക്ക് സാധിക്കും.
സ്മാർട്ട് ഡിസ്പ്ലേകളിൽ ശബ്ദത്തിലുള്ള പ്രതികരണങ്ങളും സ്ക്രീനിലെ ടെക്സ്റ്റ് സ്ക്രോളിംഗ് വേഗതയും തമ്മിൽ ഒരേ നിലയിലാക്കിയിട്ടുണ്ട്. റിലാക്സിങ് മ്യൂസിക് ചോദിക്കുമ്പോൾ മഴയുടെയോ വൈറ്റ് നോയ്സിന്റെയോ പശ്ചാത്തല ശബ്ദങ്ങൾക്ക് പകരം കൃത്യമായ സംഗീതം നൽകാനും ഇതിലൂടെ സാധിക്കും.
ജെമിനിക്ക് പുറമെ ഗൂഗിൾ ഹോം ആപ്പിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തേർഡ് പാർട്ടി ലൈറ്റുകൾ, പ്ലഗുകൾ, സ്വിച്ചുകൾ എന്നിവയ്ക്കുള്ള കൺട്രോളുകൾ പൂർണ്ണമായി പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു.
ഫിലിപ്സ് ഹ്യൂ (Philips Hue) ബ്രിഡ്ജുകൾ ഉപയോഗിക്കുന്നവർക്കായി പുതിയ ലോക്കൽ മാറ്റർ കൺട്രോളുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇത് വഴി കൂടുതൽ വേഗതയേറിയ പ്രതികരണവും മികച്ച പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

