കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ നടപ്പാക്കുന്ന ‘ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. നഗരത്തിലെ വിവിധ ടൂറിസം വികസന പദ്ധതി പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ജാഗ്രതയോ ശ്രദ്ധയോ ഉണ്ടാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് സെപ്റ്റംബർ മാസത്തിൽ പ്രധാനമന്ത്രിക്ക് സമർപ്പിക്കേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് താൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. പുന്നമടക്കായൽ, നഗരത്തിലെ പ്രധാന കനാലുകൾ, ബോട്ട് ജെട്ടി തുടങ്ങിയ മേഖലകളിലാണ് മന്ത്രി സന്ദർശനം പൂർത്തിയാക്കിയത്.
കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ പുരോഗമിക്കുന്ന പദ്ധതികളുടെ അവലോകനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ആകെ 93.177 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ബീച്ച് വികസനം, കനാലുകളുടെ നവീകരണം, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലുകളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്.
നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 30നകം പദ്ധതി പൂർത്തിയാക്കുമെന്നാണ് സംസ്ഥാന സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

