1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി വിവിധ സാമ്പത്തിക ഉപരോധങ്ങളുടെ നിഴലിലാണ് ഇറാൻ. എന്നാൽ നേരിട്ടുള്ള സൈനിക നടപടികൾക്ക് പകരം ഇറാനെതിരെ കൂടുതൽ ശക്തമായ ‘സാമ്പത്തിക യുദ്ധം’ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് അമേരിക്ക.
ഇറാനെ പൂർണ്ണമായും സാമ്പത്തികമായി വരിഞ്ഞുമുറുക്കുമെന്നും ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിധത്തിലുള്ള കനത്ത ആഘാതങ്ങൾ രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് എന്നിവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ടെഹ്റാൻ ഈ പുതിയ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയാണ് നിലവിലുള്ളത്.
ആഗോളതലത്തിൽ സൈനിക നീക്കങ്ങൾക്കപ്പുറം സാമ്പത്തിക ഉപരോധങ്ങൾ മുഖ്യായുധമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെ ക്രൂഡോയിൽ വിപണിയിൽ വലിയ ചലനങ്ങളുണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 94 ഡോളർ കടന്നശേഷം ചെറിയ തോതിൽ താഴ്ന്ന് 93.75 ഡോളറിലെത്തി.
യുഎസ് ക്രൂഡ് വില 0.13 ശതമാനം കുറഞ്ഞ് 86.72 ഡോളറിലുമാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം, അമേരിക്കയുടെ ഈ പുതിയ നീക്കങ്ങൾ ‘സാമ്പത്തിക ഭീകരവാദമാണെന്ന്’ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ശക്തമായി പ്രതികരിച്ചു.
സ്വന്തം രാജ്യത്തെ രൂക്ഷമായ പണപ്പെരുപ്പത്തിൽ നിന്നും കടബാധ്യതകളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണിതെന്നും, ഇത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള ഉപരോധങ്ങൾ മൂലം കടുത്ത പ്രതിസന്ധിയിലാണ് ഇറാനിയൻ സമ്പദ്വ്യവസ്ഥ.
രാജ്യത്തിന്റെ ജിഡിപി വളർച്ചനിരക്ക് നെഗറ്റീവ് തലത്തിലാണ് തുടരുന്നത്. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.
ഉരുളക്കിഴങ്ങിനും സവാളയ്ക്കും യഥാക്രമം 40 ലക്ഷം, 60 ലക്ഷം റിയാൽ എന്നിങ്ങനെയാണ് നിലവിലെ വില. റീട്ടെയ്ൽ പണപ്പെരുപ്പം 80 ശതമാനത്തോളവും ഭക്ഷ്യവിലപ്പെരുപ്പം 100 ശതമാനത്തോട് അടുത്തും കുതിക്കുകയാണ്.
തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിന് സമീപം നിൽക്കുന്നു. ഇതിനിടയിൽ ഹോർമുസ് കടലിടുക്കിൽ അമേരിക്ക എണ്ണ കയറ്റുമതി തടഞ്ഞതും കനത്ത പ്രഹരമായി.
എങ്കിലും, ഏതാണ്ട് 150 കോടി ഡോളറിലധികം വിലമതിക്കുന്ന എണ്ണ ഇപ്പോഴും ഹോർമുസിന് പുറത്തുണ്ടെന്നതും അതിന്റെ സിംഹഭാഗവും ചൈന വാങ്ങാൻ തയ്യാറാകുന്നതും ഇറാന് ആശ്വാസകരമാണ്. കൂടാതെ പാക്കിസ്ഥാൻ, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ ഭക്ഷ്യലഭ്യത ഉറപ്പാക്കാനും കയറ്റുമതി തടസ്സങ്ങൾ മറികടക്കാനും കാസ്പിയൻ കടലും പാക് തുറമുഖങ്ങളും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ഇറാൻ ഊർജ്ജിതമാക്കിയിട്ടുണ്ട്.
യുഎസിന്റെ കടപ്പത്ര വിപണിയിലും ആഗോള ഓഹരികളിലും ഇതിന്റെ പ്രതിഫലനമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുകയറിയ യുഎസ് ട്രഷറി ബോണ്ട് യീൽഡ് ഇന്നലെ താഴേക്ക് ഇറങ്ങി.
കടപ്പത്രം തിരികെവാങ്ങൽ നിലവിലുള്ള 200 കോടി ഡോളറിൽ നിന്ന് 400 കോടി ഡോളറായി ഉയർത്തുമെന്ന് സ്കോട്ട് ബെസ്സന്റ് പ്രഖ്യാപിച്ചതാണ് ഇതിന് കാരണമായത്. എങ്കിലും നിക്ഷേപകരുടെ ആശങ്കകൾ പൂർണ്ണമായും അകറ്റാൻ ഇതിനായില്ല.
യുഎസ് വിപണികൾ ചുവപ്പണിഞ്ഞു; എസ് ആൻഡ് പി 500 സൂചിക 0.87 ശതമാനവും നാസ്ഡാക് 1.00 ശതമാനവും ഡൗ ജോൺസ് 1.32 ശതമാനവും ഇടിഞ്ഞു. ഫ്യൂച്ചേഴ്സ് വിപണികളും നിരാശയാണ് നൽകിയത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ വില ഉയരുന്ന ജപ്പാനിൽ കഴിഞ്ഞ മാസം പണപ്പെരുപ്പം 1.9 ശതമാനമായി വർദ്ധിച്ചു. ജാപ്പനീസ് സൂചികയായ നിക്കേയ് 0.50 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 1.07 ശതമാനവും കോസ്ഡാക് 2.44 ശതമാനവും ഇടിഞ്ഞപ്പോൾ, ചൈനീസ്, ഹോങ്കോങ് വിപണികൾ ഭേദപ്പെട്ട
നിലയിലാണ്. ആഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്.
എണ്ണവില വർദ്ധനവും തീരുവ യുദ്ധങ്ങളും വെല്ലുവിളിയാണെങ്കിലും നടപ്പുവർഷം ഇന്ത്യ 6.7 ശതമാനം ജിഡിപി വളർച്ച നേടുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. എന്നാൽ ഇതിലും ഉയർന്ന വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്ത വ്യക്തമാക്കി.
വികസിത രാജ്യങ്ങളുടെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2031 ആകുമ്പോഴേക്കും 115 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് വിലയിരുത്തുമ്പോൾ, ഇന്ത്യയുടേത് 83 ശതമാനത്തിൽ നിന്ന് 78 ശതമാനമായി കുറയുമെന്നാണ് അനുമാനം. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
ഇന്നലെ സെൻസെക്സ് 628 പോയിന്റും (+0.82%) നിഫ്റ്റി 153 പോയിന്റും (+0.64%) ഉയർന്നിരുന്നു. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില വലിയ കുതിപ്പുകളില്ലാതെ സ്ഥിരത തുടരുന്നു.
ഔൺസിന് 4500 ഡോളർ ഭേദിച്ച സ്വർണവില നിലവിൽ 4527 ഡോളറിനടുത്താണ് വ്യാപാരം ചെയ്യുന്നത്. ഡോളർ സൂചികയുടെ ദൗർബല്യം സ്വർണത്തിന് അനുകൂലമായേക്കാം.
ക്രിപ്റ്റോ വിപണിയിൽ ബിറ്റ്കോയിൻ വില 74,000 ഡോളർ കടന്ന് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ക്രിപ്റ്റോകറൻസികൾക്ക് അനുകൂലമായ നിയമനിർമ്മാണങ്ങളുമായി മുന്നോട്ടുപോകുന്നതാണ് ഇതിന് കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

