പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവം ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് യുവതിയുടെ കുടുംബം രംഗത്തെത്തി.
സോന പെട്രോൾ വാങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമായിരിക്കില്ലെന്നും, ഭർത്താവ് രജിൻ ലാൽ പെട്രോൾ വാങ്ങിപ്പിച്ചതാകാം എന്നുമുള്ള സംശയമാണ് സോനയുടെ അമ്മ വസന്ത ഉന്നയിക്കുന്നത്. സംഭവം നടന്ന ദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വസന്ത വ്യക്തമാക്കി.
“രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഗർഭിണിയായ ശേഷം ചില ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു.
അതിനാലായിരുന്നു രണ്ട് മാസം പാലേരിയിലെ വീട്ടിൽ നിർത്തിയത്. രജിൻ ലാൽ ഗൾഫിൽ നിന്നു വന്ന ശേഷം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ മകൾക്ക് നീതി കിട്ടണം” – വസന്ത പറഞ്ഞു.
അതേസമയം, സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. തന്റെ മകന്റെ മേൽ കുറ്റം കെട്ടിവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” – രാജൻ പ്രതികരിച്ചു.
കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഇരുവിഭാഗവും രംഗത്തുള്ള സാഹചര്യത്തിൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

