കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും അതിജീവിച്ച അറുനൂറിലധികം കുടുംബങ്ങൾക്ക് അർഹമായ ധനസഹായം ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയിലേക്ക്. സംഭവം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടില്ല.
പഞ്ചായത്ത്, ജില്ലാ ഭരണകൂടം, വിവിധ മന്ത്രിതലങ്ങൾ എന്നിവടങ്ങളിൽ ഒട്ടേറെ തവണ പരാതികൾ സമർപ്പിച്ചെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ദുരിതബാധിതർ ചൂണ്ടിക്കാട്ടുന്നു. വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും പൂർത്തീകരിക്കാനാവാത്ത ദുസ്സഹമായ സാഹചര്യമാണ് നിലവിലുള്ളത്.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കേണ്ടതുള്ളത്. കൃഷിനാശം സംഭവിച്ചവർ, വീടുകൾ പൂർണമായും ഭാഗികമായും തകർന്നവർ എന്നിവരുൾപ്പെടെയുള്ളവരാണ് നഷ്ടപരിഹാരത്തുകയ്ക്കായി കാത്തിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫണ്ട് വിതരണത്തിനുള്ള പ്രാഥമിക നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതുവരെ തുക എത്തിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സഹായം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും. ഫണ്ട് ലഭ്യതയിലുണ്ടായ കാലതാമസം കാരണം റോഡ് പുനർനിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, നഷ്ടപ്പെട്ട
മൃഗങ്ങൾക്കുള്ള സഹായം, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ പൂർണമായും മുടങ്ങിക്കിടക്കുകയാണ്. കൂടാതെ, സ്വന്തം നിലയിൽ പണികൾ പൂർത്തിയാക്കിയ കരാറുകാർക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

