ഹരിപ്പാടിന് സമീപം കരുവാറ്റയിൽ 67-കാരനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയിലായാലും അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ മുൻകൂട്ടി തിരക്കഥ തയ്യാറാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ പൊലീസിന് നൽകേണ്ട മറുപടികൾ ഇവർ കൃത്യമായി പ്ലാൻ ചെയ്തിരുന്നു.
മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൂന്ന് ആൺകുട്ടികളെയും ഒരേ സമയം കസ്റ്റഡിയിലെടുത്തത്. പരസ്പരം ബന്ധപ്പെടാൻ സമയം ലഭിച്ചിരുന്നില്ലെങ്കിലും മൂവരും പൊലീസിന് മുന്നിൽ ഒരേ കഥയാണ് ആവർത്തിച്ചത്.
പെൺകുട്ടിക്ക് വയറ്റിൽ മുഴയുണ്ടെന്നും ഇതിന്റെ ശസ്ത്രക്രിയയ്ക്ക് പണം നൽകാനാണ് തങ്ങൾ ഹരിപ്പാട്ടെത്തിയത് എന്നുമായിരുന്നു മൂവരുടെയും മൊഴി. ഇതിനായി പെൺകുട്ടി വീട്ടിലേക്കുള്ള ലൊക്കേഷൻ അയച്ചുതരികയും വീഡിയോ കോൾ ചെയ്യുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു.
പണം നൽകി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പ്രതികളുടെ ആദ്യ പ്രതികരണം. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തന്നെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് ആൺസുഹൃത്തിന് കർശന നിർദേശം നൽകിയത് താനാണെന്നും പെൺകുട്ടി ചോദ്യം ചെയ്യലിൽ സമ്മേളിച്ചതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിന്റെ സംശയം സ്വന്തം പിതാവിലേക്ക് വഴിതിരിച്ചുവിടാനും പെൺകുട്ടി ശ്രമിച്ചിരുന്നു. കൊല്ലപ്പെട്ട
വയോധികന്റെ ഇളയമകളുടെ ആദ്യഭർത്താവാണ് പെൺകുട്ടിയുടെ പിതാവ്. പിതാവും മുത്തച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പെൺകുട്ടി ആദ്യം പറഞ്ഞെങ്കിലും, ഫോൺ സംഭാഷണങ്ങളും വാട്സാപ് ചാറ്റുകളും നിരത്തി ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികൾ കുട്ടികളായതിനാൽ ചോദ്യം ചെയ്യലിലും കസ്റ്റഡിയിലെടുക്കുന്നതിലും കർശനമായ നിയമപരമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. ബലപ്രയോഗങ്ങൾ പാടില്ലെന്നും പ്രതികളാണെന്ന് നൂറു ശതമാനം ഉറപ്പുവരുത്തിയ ശേഷം മാത്രമേ കസ്റ്റഡി നടപടികളിലേക്ക് കടക്കാവൂ എന്നും ഡിഐജിയും ജില്ലാ പൊലീസ് മേധാവിയും കർശന നിർദേശം നൽകിയിരുന്നു.
പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സാമൂഹികനീതി വകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിൽ താമസിപ്പിച്ച പെൺകുട്ടിയെ ഇന്നലെയാണു പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയത്.
ബോർഡ് കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു. കുറ്റകൃത്യം നടത്തിയെന്നു പൊലീസ് കണ്ടെത്തിയ മൂന്നു ആൺകുട്ടികളെ കഴിഞ്ഞ ദിവസം ആൺകുട്ടികളുടെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു.
നാലു പേരെയും കസ്റ്റഡിയിൽ ലഭിക്കാനായി ഹരിപ്പാട് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക.
ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ പിടിയിലായ നാല് പേരിൽ 13 വയസ്സുള്ള പെൺകുട്ടിക്കു ലഭിക്കാവുന്ന പരമാവധി ശിക്ഷ മൂന്ന് വർഷം സംരക്ഷണകേന്ദ്രത്തിലെ താമസമാണ്. പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരെ മുതിർന്നവരായി പരിഗണിച്ചു വിചാരണ നടത്തിയാലും വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാൻ പാടില്ലെന്നാണ് നിയമം.
തടവുശിക്ഷ വിധിച്ചാലും 21 വയസ്സു പൂർത്തിയാകുന്നതുവരെ സംരക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കും. പിന്നീട് ശിക്ഷാകാലാവധിയുണ്ടെങ്കിൽ ജയിലിലേക്കു മാറ്റും.
18 വയസ്സിനു താഴെയുള്ളവർ പ്രതികളായ കേസുകളുടെ ജുഡീഷ്യൽ ചുമതല ജുവനൈൽ ജസ്റ്റിസ് ബോർഡിനാണ്. ഒരു മജിസ്ട്രേറ്റും രണ്ട് ജുഡീഷ്യൽ അംഗങ്ങളുമുള്ള ബോർഡിന് പരമാവധി വിധിക്കാവുന്ന ശിക്ഷ മൂന്നു വർഷം സംരക്ഷണകേന്ദ്രത്തിൽ പാർപ്പിക്കലാണ്.
അതേസമയം 16–18 പ്രായപരിധിയിലുള്ളവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ അവരെ മുതിർന്നവരായി കണ്ട് കുട്ടികളുടെ കോടതിയിൽ വിചാരണ നടത്തണമെന്ന് ബോർഡിന് തീരുമാനിക്കാം. കുട്ടികൾ പ്രതികളാകുന്ന കേസുകളിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ് ചട്ടം.
കരുവാറ്റയിലെ കേസിൽ പെൺകുട്ടിക്ക് 13 വയസ്സായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് തന്നെയാണു വിചാരണ നടത്തേണ്ടത്. അതേസമയം കൊലപാതകം നടത്തിയ മറ്റ് മൂന്ന് ആൺകുട്ടികൾ 16, 17 വയസ്സുകാരായതിനാൽ മുതിർന്നവരായി പരിഗണിച്ചുള്ള വിചാരണ വേണോയെന്നു ബോർഡിന് തീരുമാനിക്കാം.
ഇതിനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്ന് ആൺകുട്ടികളും കൃത്യം നടന്നതിന്റെ പിറ്റേ ദിവസം മറ്റൊരു ആവശ്യത്തിന് കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായും കണ്ടെത്തി.
ഇത്രയും ചെറിയ പ്രായത്തിൽ ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഭാവഭേദമില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റമെന്നു പൊലീസ് പറയുന്നു. 15-ാം തീയതി രാത്രി കൊല നടത്തിയ ശേഷം മൂന്നു പേരും 16-ന് പുലർച്ചെയാണു പരവൂരിലെത്തിയത്.
കരുവാറ്റയിൽ നിന്നു കവർന്ന സ്വർണാഭരണങ്ങളിൽ പെട്ട ഒരു മാല പണയം വയ്ക്കുന്നതിനായി പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിനെ ഏൽപിച്ചു.
ഇതേ ദിവസമാണു പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശിനിയായ പത്തൊൻപതുകാരി ഈ സുഹൃത്തിനൊപ്പം വീടു വിട്ടിറങ്ങിയത്. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ പ്രതികളുടെ സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ സ്റ്റേഷിലേക്കു വിളിപ്പിച്ചു.
വീട്ടുവിട്ടിറങ്ങിയ പെൺകുട്ടിക്കും സുഹൃത്തിനും ഒപ്പം മൂന്നു പ്രതികളും അന്ന് പാരിപ്പള്ളി സ്റ്റേഷനിലെത്തി. ഇതിന്റെ പിറ്റേ ദിവസമാണ് കരുവാറ്റയിലെ കൊലപാതകവിവരം പുറത്തറിയുന്നത്.
തുടർന്ന് അടുത്ത ദിവസം പുലർച്ചെ മൂന്നു പ്രതികളും പിടിയിലായി. കരുവാറ്റയിൽ വീട്ടിൽ നിന്നു നഷ്ടമായതിൽ ഉൾപ്പെട്ട
3 പവൻ തൂക്കമുള്ള സ്വർണമാല പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിൽ നിന്നാണു പൊലീസ് കണ്ടെടുത്തത്. പ്രതികളിലൊരാളുടെ അമ്മയുടെ മാലയാണെന്നും ചികിത്സയ്ക്കു വേണ്ടി പണയം വയ്ക്കാൻ സഹായിക്കണമെന്നു പറഞ്ഞാണു മാല നൽകിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

