ബ്രീക്സ് ഉച്ചകോടിയിൽ സംബന്ധിക്കാനായി രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്ന ചൈനീസ് രാഷ്ട്രത്തലവൻ ഷി ചിൻപിങ് കനത്ത സുരക്ഷാ വലയത്തിൽ. വിവിധ സുരക്ഷാ ഏജൻസികളുടെ സമ്പൂർണ്ണ ഏകോപനത്തോടെയാണ് ദേശീയതലസ്ഥാനമായ ഡൽഹിയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
അദ്ദേഹം താൽക്കാലികമായി താമസിക്കുന്ന താജ് പാലസ് ഹോട്ടലിൽ അതീവ കർശനമായ സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക ഭീകരവിരുദ്ധ സേനയെയും അത്യാധുനിക ബോംബ് സ്ക്വാഡിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഏകദേശം 24 മണിക്കൂറോളം സമയമാണ് അദ്ദേഹം ഇന്ത്യയിൽ ചെലവഴിക്കുന്നത്. ഇതിന്റെ ഭാഗമായി റേഡിയേഷൻ, ബയോകെമിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള പ്രത്യേക പരിശോധനകളും സുരക്ഷാ വിഭാഗം ഊർജിതമാക്കിയിട്ടുണ്ട്.
ഹോട്ടലിനും പ്രധാന വേദിക്കും സമീപമുള്ള ഭൂഗർഭ പൈപ്പ്ലൈനുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഏജൻസികൾ പൂർണ്ണമായും പരിശോധിച്ചു കഴിഞ്ഞു. കൂടാതെ, അദ്ദേഹം യാത്ര ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ലിമോസിൻ കാർ പത്ത് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ എത്തിച്ചിരുന്നു.
എയർ ചൈനയുടെ ബോയിങ് 747-8 വിമാനത്തിലാണ് ചൈനീസ് പ്രസിഡന്റ് സഞ്ചരിക്കുന്നത്. ഈ പ്രത്യേക വിമാനം ഒരു മൊബൈൽ കമാൻഡ് സെന്ററിന് സമാനമാണ്.
സർക്കാർ സംവിധാനങ്ങളുമായും സൈനിക കേന്ദ്രങ്ങളുമായും തടസ്സമില്ലാതെ ബന്ധപ്പെടാൻ സഹായിക്കുന്ന എൻക്രിപ്റ്റഡ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും വിമാനത്തിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്.
യാത്രാവിമാനത്തെ മുൻനിർത്തി ആധുനിക സാങ്കേതിക വിദ്യകളോടെയാണ് ഇത് പരിഷ്കരിച്ചിരിക്കുന്നത്. വിദേശ സുരക്ഷാ സംഘങ്ങൾ കൊണ്ടുവരുന്ന ഉപകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ കർശനമായി ബാധകമാണ്.
ഇതിന്റെ ഭാഗമായി സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഉപകരണങ്ങൾക്ക് ഇവിടെ അനുമതി നൽകിയിട്ടില്ല. ഡൽഹിയിൽ മാത്രം ആകെ 30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി എത്തുന്ന വിദേശ പ്രതിനിധികൾക്കും മറ്റ് വിശിഷ്ടാതിഥികൾക്കും പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹി പൊലീസിന്റെ കെ9 ശ്വാനസേനയും പൂർണ്ണ സജ്ജമാണ്. ഭാരത് മണ്ഡപത്തിലും അതിഥികൾ താമസിക്കുന്ന പ്രമുഖ ഹോട്ടലുകളിലും പരിശോധനകൾ നടത്തുന്നതിനായി നൂറിലധികം പൊലീസ് നായ്ക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇന്നും നാളെയുമായി പ്രധാന യോഗങ്ങൾ നടക്കുന്ന ഭാരത് മണ്ഡപത്തിൽ 30 സ്നിഫർ നായ്ക്കളെയും അവയുടെ പരിശീലകരെയും 24 മണിക്കൂർ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് ശ്വാന യൂണിറ്റുകളെ ഹോട്ടലുകളിലും വിദേശ പ്രതിനിധികളും കുടുംബാംഗങ്ങളും സന്ദർശിക്കാൻ സാധ്യതയുള്ള മാർക്കറ്റുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഉച്ചകോടി നടക്കുന്ന വേദി, പരിസരം, ഇരിപ്പിടങ്ങൾ, പടവുകൾ, പൂന്തോട്ടങ്ങൾ, പാർക്കിങ് ഏരിയകൾ, വാഹനങ്ങൾ തുടങ്ങി എല്ലാ ഭാഗങ്ങളിലും നായ്ക്കളുടെ സൂക്ഷ്മമായ നിരീക്ഷണം ഉണ്ടായിരിക്കുന്നതാണ്. മെറ്റൽ ഡിറ്റക്ടറുകളും മറ്റ് നവീന ഉപകരണങ്ങളും ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്ക് ഒപ്പമാണ് കെ9 സംഘവും പ്രവർത്തിക്കുന്നത്.
ബെൽജിയൻ മാലെൻവ, ലാബ്രഡോർ, ജർമൻ ഷെപ്പേഡ് തുടങ്ങിയ വിവിധ ഇനങ്ങളിൽപെട്ട, വിദഗ്ധ പരിശീലനം ലഭിച്ച 50 നായ്ക്കളെ ഇന്ത്യൻ കരസേനയിൽ നിന്ന് ഡൽഹി പൊലീസ് ഈ വർഷം തങ്ങളുടെ സേനയുടെ ഭാഗമാക്കിയിരുന്നു. ഇതോടെ നിലവിൽ ആകെ 110 നായ്ക്കളാണ് കെ9 യൂണിറ്റിൽ സേവനത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

