പെരിയ: സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള അനിവാര്യമായ അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ പ്രവർത്തനസജ്ജമാക്കാനുള്ള നീക്കത്തിനെതിരെ പുല്ലൂർ പെരിയ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. കുണിയ മുതൽ പുല്ലൂർ പാലം വരെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണങ്ങൾ പാതിവഴിയിൽ നിൽക്കെ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടികളാണ് നാട്ടുകാരിൽ അമർഷമുണ്ടാക്കുന്നത്.
പഞ്ചായത്ത് ഓഫിസിന് മുന്നിൽനിന്ന് പ്രകടനമായെത്തിയ അംഗങ്ങൾ ടോൾ പ്ലാസയ്ക്ക് സമീപം പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരപരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ ബി.എ.ഷാഫി, കെ.പി.ദീപ, എ.വി.മിനി എന്നിവരും പഞ്ചായത്ത് അംഗങ്ങളായ രതീഷ് കാട്ടുമാടം, എ.കാർത്യായനി, എ.സന്തോഷ്കുമാർ, എ.വേണു, കെ.സുനിത, സി.കൃഷ്ണകുമാർ, കെ.ബിന്ദു, ലീല, സി.ശോഭന, വി.കെ.നളിനി എന്നിവരും സമരത്തിൽ പങ്കെടുത്തു.
ആരിക്കാടിയിലെ മുൻകാല അനുഭവം
ദേശീയപാത 66-ൽ കുമ്പള ആരിക്കാടിയിൽ താൽക്കാലികമായി ആരംഭിച്ച ടോൾ പ്ലാസയ്ക്കെതിരെ നടന്ന ജനകീയ സമരം നിയമ പോരാട്ടത്തിലൂടെ വിജയിച്ചിരുന്നു. ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതിന് മുൻപേ 2026 ജനുവരി 12-ന് ആരംഭിച്ച ടോൾ പിരിവിനെതിരെ എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനങ്ങൾ അനിശ്ചിതകാല സമരം നടത്തിയിരുന്നു.
60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന മാനദണ്ഡം ലംഘിച്ചുള്ള പ്രവർത്തനത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 2026 ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ടോൾ പിരിവ് അവസാനിപ്പിക്കാൻ നിർബന്ധിതരായി. യാത്രാദുരിതവും വെള്ളക്കെട്ടും
ചാലിങ്കാലിൽ നിർമാണം പുരോഗമിക്കുമ്പോഴും പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡുകളുടെയും ഓവുചാലുകളുടെയും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
മഴക്കാലത്ത് ചാലിങ്കാൽ മൊട്ടയിൽ നിന്നുള്ള വെള്ളം തണ്ണോട്ട് റോഡിലേക്ക് കുത്തിയൊഴുകുന്നത് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്. പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയുമുണ്ട്.
അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം മാത്രം ടോൾ പിരിവ് തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം സമരം ശക്തമാക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഈ മാസം 28-ന് രാവിലെ 10 മണിക്ക് ചാലിങ്കാലിൽ ജനകീയ സമരസമിതി രൂപീകരണ യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിതയും വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

