രാജ്യത്തിന്റെ ബ്ലൂ ഇക്കോണമി അഥവാ നീല സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി ആലപ്പുഴയെ ഉയർത്താനുള്ള സർക്കാർ പ്രഖ്യാപനം ജില്ലയുടെ വ്യാവസായിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി രൂപീകരിക്കുന്നത് ഈ മേഖലയിലെ വികസനത്തിന് പുതിയ ദിശാബോധം നൽകും.
പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി മൂന്ന് ജില്ലകൾക്കുമായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ബ്ലൂ ഇക്കോണമി: പദ്ധതിയുടെ വ്യാപ്തി ജലസ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസന മാതൃകയാണ് ബ്ലൂ ഇക്കോണമി വിഭാവനം ചെയ്യുന്നത്.
മത്സ്യബന്ധനം, മത്സ്യോൽപാദനം, അനുബന്ധ വ്യവസായങ്ങൾ എന്നിവയ്ക്കു പുറമെ തീരദേശ വിനോദസഞ്ചാരം, കപ്പൽ ഗതാഗതം, സമുദ്രാധിഷ്ഠിത ഊർജ ഉൽപാദനം എന്നിവയും ഇതിന്റെ ഭാഗമാണ്. മിഷൻ സമുദ്ര എന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയുടെ നേട്ടങ്ങൾ ഈ പ്രവർത്തനങ്ങളിലൂടെ ജില്ലയ്ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസനത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ സമുദ്രജൈവ വൈവിധ്യം കാത്തുസൂക്ഷിക്കാനും അധികൃതർ ലക്ഷ്യമിടുന്നു. ആലപ്പുഴയുടെ സാധ്യതകൾ 82 കിലോമീറ്റർ നീളമുള്ള കടൽതീരവും വിപുലമായ കായൽ ശൃംഖലയുമുള്ള ആലപ്പുഴയ്ക്ക് ബ്ലൂ ഇക്കോണമിയിൽ വലിയ സാധ്യതകളാണുള്ളത്.
മത്സ്യബന്ധനവും ടൂറിസവും പ്രധാന ഉപജീവനമാർഗങ്ങളായ ജില്ലയിൽ, പുതിയ പദ്ധതികൾ നടപ്പിലാകുന്നതോടെ വലിയൊരു സാമ്പത്തിക ഉണർവ് പ്രതീക്ഷിക്കാം. പദ്ധതിയെക്കുറിച്ച് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ബ്ലൂ ഇക്കോണമി എന്നാൽ കടലിനെ ചൂഷണം ചെയ്യലല്ല, ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമാണ്.
ലോകം മുഴുവൻ അംഗീകരിച്ച ബ്ലൂ ഇക്കോണമിയുടെ സാധ്യതകൾ ഇവിടെയും പ്രയോജനപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സന്തോഷം പകരുന്നു.” കടൽ, കായൽ വിഭവങ്ങൾ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, പദ്ധതി നിർവഹണത്തിൽ മത്സ്യത്തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

