സൗദി അറേബ്യയിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത് 13,822 കേസുകൾ. ഒക്ടോബർ 8 മുതൽ 14 വരെയുള്ള കാലയളവിലാണ് ഔദ്യോഗിക പരിശോധനകൾ പൂർത്തിയാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കണ്ടെത്തിയ നിയമലംഘനങ്ങളുടെ കണക്കുകൾ ഇങ്ങനെയാണ്:
* ഇഖാമ നിയമലംഘനങ്ങൾ: 6,547 എണ്ണം
* അതിർത്തി സുരക്ഷാ ലംഘനങ്ങൾ: 3,896 എണ്ണം
* തൊഴിൽ നിയമ ലംഘനങ്ങൾ: 3,379 എണ്ണം
ഇതിനുപുറമെ, കഴിഞ്ഞ ആഴ്ച രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 2,021 പേരെ അധികൃതർ പിടികൂടി. അതിർത്തി കടന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 28 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളെ കടത്തുകയോ ഒളിപ്പിക്കുകയോ തൊഴിൽപരമായ സഹായങ്ങൾ നൽകുകയോ ചെയ്ത 24 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ വിവിധ നിയമനടപടികൾ നേരിടുന്നത് ആകെ 34,834 പ്രവാസികളാണ്.
ഇതിൽ 32,433 പേർ പുരുഷന്മാരും 2,401 പേർ സ്ത്രീകളുമാണ്. ഇവരിൽ 20,190 പേർക്ക് യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് എംബസികളുമായോ കോൺസലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ 6,509 പേർക്ക് മടക്കയാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കാനും, 9,454 പേരെ ഇതിനോടകം നാടുകടത്താനും മന്ത്രാലയം നടപടി സ്വീകരിച്ചു. അനധികൃത കുടിയേറ്റത്തിന് സഹായം നൽകുന്നവർക്കും നിയമലംഘകരെ വാഹനങ്ങളിൽ കടത്തുന്നവർക്കും അഭയവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നവർക്കും 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുന്നതാണ്. പൊതുജനങ്ങൾക്കായി പ്രത്യേക ഹെൽപ്ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിളിച്ച് സംശയകരമായ വിവരങ്ങൾ അധികൃതരെ അറിയിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

