എരുമേലി നഗരത്തിലെ വലിയതോടിനു കുറുകെയുള്ള പുതിയ ആമക്കുന്ന് പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. എം.ജെ.
സെബാസ്റ്റ്യൻ എംഎൽഎയും സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉം ചേർന്നാണ് നിർമ്മാണം പൂർത്തിയായ പാലം നാടിന് സമർപ്പിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
വാഴക്കാല– ആമക്കുന്ന് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ നിർമ്മാണപ്രവർത്തനം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് ആരംഭിച്ചത്. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് പണികൾ പൂർത്തിയായത്.
പാലത്തിന്റെ ഫലകത്തിൽ തന്റെ പേര് ഒഴിവാക്കണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന ഫലകത്തിൽ ‘പൂഞ്ഞാർ എംഎൽഎ’ എന്നു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാലത്തിന്റെ യഥാർഥ അവകാശി മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മാത്രമാണെന്നും, വികസനത്തുടർച്ചയുടെ ഭാഗമായി മാത്രമാണ് താൻ പ്രവർത്തിച്ചതെന്നും എം.ജെ.
സെബാസ്റ്റ്യൻ ചടങ്ങിൽ വ്യക്തമാക്കി. 2018ലെ പ്രളയത്തെത്തുടർന്നാണ് എരുമേലി വലിയതോടിനു കുറുകെയുള്ള പഴയ ആമക്കുന്ന് പാലത്തിനു ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്.
അറ്റകുറ്റപ്പണികൾ നടത്തിയാലും പാലം സുരക്ഷിതമല്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് 15.5 മീറ്റർ നീളത്തിൽ പുതിയ പാലം പണികഴിപ്പിച്ചത്. പുതിയ പാലം യാഥാർഥ്യമായതോടെ വാഴക്കാല, ആമക്കുന്ന് മേഖലകളിൽ താമസിക്കുന്ന 300ൽ പരം കുടുംബങ്ങൾക്കാണ് സുരക്ഷിതമായ ഗതാഗതസൗകര്യം ഒരുങ്ങിയിരിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം നാസർ പനച്ചി, ജില്ലാ പഞ്ചായത്തംഗം ആശ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ജി.
സൂര്യകല, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ഏബ്രഹാം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷമീന ലത്തീഫ്, ഫാ. ഡെന്നീസ് പുതിയാപറമ്പിൽ, റെജി അമ്പാറ, ജസ്ന നജീബ്, വി.പി.
വിജയൻ, അനിയൻ എരുമേലി, സലിം കണ്ണങ്കര, സി.പി. മാത്തൻ, പി.കെ.
റസാഖ്, അനസ് പുത്തൻപറമ്പിൽ, ആർ. ജയൻ, അനസ് ഷുക്കൂർ, നൗഷാദ് കുറുങ്കാട്ടിൽ, നിഷാദ് താന്നിമൂട്ടിൽ, പ്രഫ.
എം.ജി. വർഗീസ്, തോമസ് കുര്യൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

