കുമരനല്ലൂർ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടിയടക്കമുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10.30-ഓടെ കുമ്പിടി – കുറ്റിപ്പുറം റോഡിലെ കരിവാമ്പാട്ട് പാലത്തിന് സമീപമായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടപ്പെട്ട കാർ 12 അടിയിലധികം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
തൃത്താല കുമ്പിടി തിരിവ് സ്വദേശികളായ ദമ്പതികളും മൂന്ന് വയസ്സുള്ള കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത് വലിയ ദുരന്തം ഒഴിവാക്കി.
തോട്ടിൽ വെള്ളം കുറവായിരുന്നതും യാത്രക്കാർക്ക് തുണയായി. കാര്യമായ പരുക്കുകൾ ഏൽക്കാതെ ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മലപ്പുറം, പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ ഇടുങ്ങിയ ഈ പാലത്തിന്റെ കൈവരികൾ തകർന്ന അവസ്ഥയിലാണ്.
ഇത് നിത്യേന അപകടങ്ങൾക്കിടയാക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പുതിയ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പാലം പുതുക്കിപ്പണിയുമെന്ന ഉറപ്പുണ്ടെങ്കിലും നടപടികൾ വൈകുകയാണ്.
പാലത്തിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കുറ്റിപ്പുറം ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങി വരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ പാലമായതിനാൽ വലിയ അപകടസാധ്യതയാണ് നിലവിലുള്ളത്.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെ ലോറി അപകടത്തിൽ പെട്ടെങ്കിലും ഭാഗ്യം കൊണ്ടാണ് താഴേക്ക് പതിക്കാതിരുന്നത്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

