മലപ്പുറം ജില്ലയിലെ വനമേഖലകളിൽ മഴ ശക്തമായി തുടരുന്നതിനെത്തുടർന്ന് കരുവാരക്കുണ്ട്, കൽക്കുണ്ട്, തരിശ് എന്നീ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിൽ അതിരൂക്ഷമായിരിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും കഴിയുന്ന കുടുംബങ്ങൾ കനത്ത ആശങ്കയിലാണ്.
തരിശ്മാമ്പറ്റ പാലം കവിഞ്ഞൊഴുകിയതോടെ ഇതുവഴിയുള്ള ഗതാഗതവും യാത്രയും പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറി. ഒലിപ്പുഴയിലും ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച ശക്തമായ ഒഴുക്ക് തിങ്കളാഴ്ചയും തുടരുകയാണ്. പകൽ സമയത്താണ് തരിശ്മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം പാഞ്ഞൊഴുകിയത്.
കൽക്കുണ്ട് മേഖലയിലും സമാനമായ രീതിയിൽ മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ ജനവാസ മേഖലകളിൽ പെയ്യുന്ന മഴയേക്കാൾ കൂടുതൽ മഴ വനമേഖലകളിൽ ലഭിക്കുന്നതാണ് പുഴകളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്ന് ഉയരാൻ ഇടയാക്കുന്നത്.
മഴയുടെ തീവ്രത ഇനിയും വർധിക്കുന്ന സാഹചര്യത്തിൽ പുഴയോരവാസികളും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. മലവെള്ളപ്പാച്ചിൽ പെട്ടെന്ന് ശക്തമാകുന്നതിനാൽ ആറുകളിലേക്കും തോടുകളിലേക്കും ഇറങ്ങുന്നതും ഒഴുക്കുള്ള വെള്ളത്തിലൂടെ യാത്ര ചെയ്യുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകും.
വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കഴിയുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ കേരളാംകുണ്ട് ഉൾപ്പെടെയുള്ള സാഹസിക വിനോദസഞ്ചാര മേഖലകളിലും കർശന ജാഗ്രത പാലിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മഴ ശക്തമായിരിക്കുന്ന ഘട്ടങ്ങളിൽ ഇത്തരം ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ പ്രവേശനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിന്റെ ശക്തി കുറയാത്തപക്ഷം പ്രദേശവാസികൾ ബന്ധുവീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

