വാൽപാറ അപകടത്തിന്റെ വേദനയിലാണ് കേരളം. അവധിക്കാലം ആഘോഷമാക്കാൻ ഇറങ്ങിയ ഒരേ സ്കൂളിലെ ജീവനക്കാരുടെ ജീവനുകളാണു പൊലിഞ്ഞത്.
അപകടപ്പാതകൾ എല്ലായിടത്തുമുണ്ട്. കാസർകോട് ജില്ലയിലെ അപകടവഴികൾ…
കാസർകോട് ∙ സംസ്ഥാനത്ത് ഏതു വാഹനാപകടമുണ്ടായാലും എന്നും ഞെട്ടലോടെ ഓർക്കുന്ന ദുരന്തമാണ് 33 വർഷം മുൻപു കാസർകോട് തെക്കിൽ ദേശീയപാത വളവിൽനിന്നു നൂറടിയോളം താഴ്ചയുള്ള കൊല്ലിയിൽ പ്രിയദർശിനി ബസ് മറിഞ്ഞ് 14 പേർ മരിച്ച സംഭവം.
1992 ഡിസംബർ 27ന് ഉച്ചയ്ക്ക് 12.15ന് ആയിരുന്നത്. പരുക്കേറ്റ മുപ്പതോളംപേർ മംഗളൂരുവിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സയിലായി.
അന്നു വലിയ പരുക്കുകളോടെ കരൾ, കൈ, കാൽ തുടങ്ങിയവയ്ക്കു വിദഗ്ധ സർജറി നടത്തി ജീവൻ രക്ഷപ്പെട്ട നീലേശ്വരം ചിറപ്പുറം സ്വദേശിനി പി.വി.സ്മിത ഇപ്പോഴും നട്ടെല്ലിൽ ഉൾപ്പെടെ ദേഹമാസകലം വേദന അനുഭവിക്കുന്നു.
‘1992ൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ സുവോളജി രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു.
ഗ്രാമീൺ ബാങ്ക് മാനേജർ ആയിരുന്ന അച്ഛൻ വി.നാരായണനൊപ്പം തെക്കിലിൽ ബന്ധുവീട്ടിലെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കാൻ നീലേശ്വരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. ആ വഴി വന്ന പ്രിയദർശിനി ബസ് വേണ്ടെന്നുവച്ച് അടുത്ത ബസിൽ കാഞ്ഞങ്ങാട്ടേക്കു പുറപ്പെട്ടു.
എന്നാൽ അവിടെത്തിയപ്പോൾ പ്രിയദർശിനി ബസിലായിരുന്നു തെക്കിലിലേക്കു യാത്ര ചെയ്യാൻ നിയോഗം. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ആ ദുരന്തമുണ്ടായത്.
ഡ്രൈവറുടെ സീറ്റ് കഴിഞ്ഞ് മൂന്നാമത്തെ വിൻഡോ സീറ്റിലായിരുന്നു ഞാൻ.
തെക്കിൽ രണ്ടാമത്തെ വളവിലെത്തിയപ്പോൾ കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്ന ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ടു മൂന്നു തവണയായി ഉരുണ്ട് കുറച്ചു വെള്ളമുള്ള കുഴിയിലേക്കു ബസ് വീണു. സീറ്റിനടിയിൽ വീണുകിടക്കുകയായിരുന്നു ഞാൻ.
ബസിൽനിന്നു പുറത്തേക്കു തെറിച്ച അച്ഛൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. എന്നെ സീറ്റിനടിയിൽനിന്നു പുറത്തെടുത്തു കാസർകോട് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
അവിടെനിന്നു കാസർകോട് മല്യ ആശുപത്രിയിലേക്ക്. അര മണിക്കൂറിനകം മംഗളൂരുവിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ രക്ഷപ്പെടാനാകുമെന്നായി ഡോക്ടർ.
മംഗളൂരു ഡോ.ടി.എം.എ.പൈ മെമ്മോറിയൽ റോട്ടറി ആശുപത്രിയിലെ ചികിത്സയിൽ കരൾ ഭാഗത്ത് ഉൾപ്പെടെ ശസ്ത്രക്രിയ നടത്തി.
അപകടത്തിൽ ഏറ്റവുമധികം പരുക്കേറ്റത് എനിക്കായിരുന്നു. 12 ദിവസമെടുത്തു ബോധം തിരിച്ചുകിട്ടാൻ.
ഉടൻ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും പരിചരണവും ലഭിച്ചതിനാൽ ഇപ്പോഴും ജീവിക്കുന്നു’ – ആ ദുരന്തദിനം സ്മിത ഓർത്തെടുത്തു. ഇപ്പോൾ അധികംനേരം ഇരിക്കാനും നിൽക്കാനും കഴിയില്ല.
2002ൽ വിവാഹം കഴിഞ്ഞു. രണ്ടു മക്കളുണ്ട്.
ഈ ദുരന്തത്തിനുശേഷം തെക്കിൽ കാനത്തുംകുണ്ട് വളവിൽ സുരക്ഷാ സജ്ജീകരണങ്ങളൊരുക്കി. ഇപ്പോൾ ദേശീയപാത വികസനത്തിൽ വീതി കൂട്ടി കുഴി നികത്തി ആവശ്യമായ സുരക്ഷ ഉറപ്പാക്കിയപ്പോൾ ഇനിയൊരു അപകടം ഇവിടെ ഉണ്ടാകാനുള്ള സാധ്യത തീർത്തും അടച്ചു.
പാണത്തൂർ പരിയാരത്തെ ദുരന്ത സ്മരണയ്ക്ക് 5 വർഷം
രാജപുരം ∙ വാൽപാറ ദുരന്തവാർത്ത കേൾക്കുമ്പോൾ, 4 വർഷം മുൻപു പാണത്തൂർ പരിയാരത്ത് 7 പേരുടെ മരണത്തിനിടയാക്കിയ സമാന അപകടം പരിയാരം നിവാസികളുടെ കൺമുന്നിൽ തെളിയുകയാണ്.
2021 ജനുവരി 3ന് ആയിരുന്നു ആ ദുരന്തം. പാണത്തൂർ ചെത്തുകയത്തെ വിവാഹത്തിൽ പങ്കെടുക്കാനായി കർണാടകയിലെ പുത്തൂരിനു സമീപം ബൽനാടിലെ വധുവിന്റെ വീട്ടിൽ നിന്നുള്ള വിവാഹസംഘം സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
വിവാഹസംഘം പാണത്തൂരിലെത്താൻ കഷ്ടിച്ച് 2 കിലോമീറ്റർ മാത്രം ശേഷിക്കെ പരിയാരം ഇറക്കത്തിലെ വളവിൽവച്ചു നിയന്ത്രണംവിട്ട് സമീപത്തെ കമ്യൂണിറ്റി ഹാളിലിടിച്ചു തൊട്ടടുത്ത വീടിനു മുകളിലേക്കു തലകീഴായി മറിയുകയായിരുന്നു.
കുത്തനെയുള്ള ഇറക്കവും വളവുമുള്ള റോഡായിരുന്നു. ഇടിയുടെ ആഘാതത്തിൽ 7 പേർ മരിച്ചു.
രക്ഷാപ്രവർത്തകർ എത്തുമ്പോൾ പലരും വാഹനത്തിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു. 6 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണു മരിച്ചത്.
അപകടത്തെ തുടർന്ന് റോഡിനു വീതികൂട്ടി പാതയോരം ക്രാഷ് ബാരിയർ സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
കൊടുംവളവായി കോട്ടൂർ വളവ്
ബോവിക്കാനം ∙ ചെർക്കള–ജാൽസൂർ പാതയിലെ കോട്ടൂർ വളവിനെ അപകടമുക്തമാക്കാനുള്ള നടപടികൾ 5 വർഷം കഴിഞ്ഞിട്ടും കടലാസിൽമാത്രം. അപകടങ്ങൾ തുടർക്കഥയായ വളവിൽ റോഡിനു വീതി കൂട്ടി അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന മോട്ടർവാഹന വകുപ്പിന്റെ നിർദേശം ജില്ലാ റോഡ് സുരക്ഷാ കൗൺസിലിനു സമർപ്പിച്ചെങ്കിലും നടപടിയില്ല.സംസ്ഥാനാന്തര പാതയിൽ മുളിയാർ പഞ്ചായത്തിലെ കോട്ടൂരിനടുത്താണ് ഒട്ടേറെ അപകടങ്ങൾ നടന്ന ഈ കൊടുംവളവ്.
2010 ജനുവരിയിൽ ബെംഗളൂരുവിൽനിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് 3 പേർ മരിച്ചതാണു വലിയ ദുരന്തം. 2021ൽ നിയന്ത്രണം വിട്ടുമറിഞ്ഞ സിമന്റ് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരൻ മുളിയാറിലെ ഈശ്വര ഭട്ടിന്റെ ജീവനും നഷ്ടമായി.
വർഷം ശരാശരി പത്തിലേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്. മുള്ളേരിയ ഭാഗത്തുനിന്നു കാസർകോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് ഇങ്ങനെ അപകടത്തിൽപെടുന്നത്.
കുത്തനെയുള്ള ഇറക്കവും വളവിൽ ആവശ്യത്തിനു വീതിയില്ലാത്തതുമാണ് അപകടത്തിനു കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വളവിൽ റോഡിന്റെ അലൈൻമെന്റ് ശാസ്ത്രീയമല്ലെന്നു കണ്ടെത്തിയിരുന്നു.
ഈശ്വര ഭട്ടിന്റെ മരണത്തിനു പിന്നാലെ മോട്ടർ വാഹനവകുപ്പ് പരിശോധന നടത്തുകയും കലക്ടർ ചെയർമാനായ റോഡ് സുരക്ഷാ കൗൺസിലിന് അപകടങ്ങൾ ഇല്ലാതാക്കാൻ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇത് മരാമത്ത് വകുപ്പിനു കൈമാറിയിട്ട് 5 വർഷമായിട്ടും ഇക്കാര്യത്തിൽ നടപടിയില്ല.
2010ൽ 3 പേർ മരിച്ച ദുരന്തത്തിനു പിന്നാലെ വളവിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. മരാമത്ത് വകുപ്പ് കോടികൾ ചെലവഴിച്ച് ഇപ്പോൾ റോഡ് റീടാറിങ് നടത്തുന്നുണ്ടെങ്കിലും 2 വർഷം മുൻപ് റീടാറിങ് ചെയ്തതിനാൽ ഈ ഭാഗം ഒഴിവാക്കിയാണു പണികൾ. വളവ് നികത്തി അപകടങ്ങൾ ഒഴിവാക്കാൻ ഇനിയൊരു ദുരന്തത്തിനു കാത്തിരിക്കേണ്ടി വരുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.
അപകടക്കവലയായി കാറ്റാംകവല
ചിറ്റാരിക്കാൽ ∙ വാഹനാപകടങ്ങളുടെ വാർത്ത കേൾക്കുമ്പോൾ ഉള്ളുപിടയുന്നൊരു ഗ്രാമമുണ്ട്, ഇവിടെ കാറ്റാംകവലയിൽ.
മലയോര ഹൈവേയിലെ അപകടത്തുരുത്തായ കാറ്റാംകവലയിലെ മറ്റപ്പള്ളി വളവിൽ ഇതിനകം ഉണ്ടായത് അൻപതിലേറെ വാഹനാപകടങ്ങൾ. പൊലിഞ്ഞത് 9 ജീവനുകൾ.
അപകടങ്ങൾ തുടർക്കഥയായ ഇവിടെ അവസാനത്തെ അപകടമരണമുണ്ടായത് കഴിഞ്ഞ നവംബറിലാണ്. കർണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അന്ന് ഒരാൾ മരിക്കുകയും 46 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
2023 ഡിസംബറിലും കർണാടകയിലെ തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടമുണ്ടായി. 2012ൽ ഇതേ വളവിൽ കുഴൽക്കിണർ ലോറി അപകടത്തിൽപെട്ട് 6 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.
മലയോരഹൈവേയുടെ ഭാഗമായി റോഡ് പുനർനിർമിച്ചപ്പോഴും അപകടങ്ങൾക്കു കുറവുണ്ടായില്ല.
കാറ്റാംകവലയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചും മറ്റപ്പള്ളി വളവിൽ സ്കൂട്ടർ അപകടത്തിൽപെട്ടുമൊക്കെ യാത്രക്കാർ മരിച്ചിരുന്നു. ഇതിനുപുറമേ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളും.
ചെങ്കുത്തായ കയറ്റിറക്കങ്ങളും കൊടുംവളവുകളുമുള്ള ഭാഗമാണിവിടം. അതിനാൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും പതിവും.
വളവുകളിലേക്കു റോഡ് ചെരിക്കാത്തതും നിർമാണത്തിലെ അശാസ്ത്രീയതയാണെന്നു യാത്രക്കാർ ആരോപിക്കുന്നു. മുൻപിവിടെ, സൂചനാബോർഡുകളോ ബ്രേക്കറുകളോ ഉണ്ടായിരുന്നില്ല.
അതിനാൽ അപകടങ്ങൾ കൂടുതലുമായിരുന്നു. കഴിഞ്ഞ നവംബറിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെ സന്ദർശിക്കുകയും റോഡിൽ സൂചനാബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
അപകടവളവിൽ റെയിൽ ഗാർഡുകളും (ബാരിക്കേഡുകൾ) സ്ഥാപിച്ചു. എന്നാൽ ഇവിടെ റോഡ് ശാസ്ത്രീയമായി പുനർ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല.
പരപ്പച്ചാൽ പാലത്തിൽനിന്ന് ലോറി വെള്ളത്തിലേക്ക് മറിഞ്ഞു; 3 പേർക്ക് പരുക്ക്
കുന്നുംകൈ ∙ തമിഴ്നാട്ടിൽനിന്നു ജൈവവളവുമായി ചിറ്റാരിക്കാൽ ഭാഗത്തേക്കു പോവുകയായിരുന്ന ലോറി പരപ്പച്ചാൽ പാലത്തിൽനിന്നു വെള്ളത്തിലേക്കു വീണു.
സാരമായി പരിക്കേറ്റ ഡ്രൈവർ തമിഴ്നാട് സ്വദേശി വരദരാജ്, കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശികളായ അഷ്കർ, മൊയ്തു എന്നിവരെ നീലേശ്വരം സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30നാണ് അപകടം.
ലോറിയിൽ നിറയെ വളമുണ്ടായിരുന്നു. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.
വിവരമറിഞ്ഞ് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി.അനു, ബ്ലോക്ക് പഞ്ചായത്തംഗം ഇ.ടി.ജോസ് എന്നിവർ സംഭവസ്ഥലത്തെത്തി.
മുക്കടയിൽനിന്നു പരപ്പച്ചാൽ വരെ കുത്തനെ ഇറക്കവും കൊടുംവളവുമായതിനാൽ ഇവിടെ പലതവണ അപകടമുണ്ടായിട്ടുണ്ട്. രണ്ട് വർഷം മുൻപ് സിമന്റുമായി വരികയായിരുന്ന് ലോറി പാലത്തിൽനിന്നുവീണ് കർണാടക സ്വദേശി മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും പാലത്തിൽനിന്നു വെള്ളത്തിലേക്കു വീണിരുന്നു. തുടർന്ന് കൈവരി പുനഃസ്ഥാപിച്ചെങ്കിലും പാലത്തിനു മതിയായ വീതിയില്ലാത്തതും ഇരുഭാഗത്തുമുള്ള കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും വാഹനാപകട
സാധ്യത കൂട്ടാൻ കാരണമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

