ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ ഇടിവ്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന യെമനിലെ ഹൂതികൾ തകർത്ത നിർണായക എണ്ണ പൈപ്പ്ലൈനിന്റെ തകരാർ അതിവേഗം പരിഹരിച്ച് പ്രവർത്തനം പുനരാരംഭിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളാണ് വിപണിക്ക് ആശ്വാസമാകുന്നത്.
അതുവരെ എണ്ണവിതരണം കപ്പലിൽ നിന്ന് കപ്പലിലേക്ക് മാറ്റാനുള്ള തീരുമാനവും വിലയിടിവിന് കാരണമായി. ബാരലിന് 108 ഡോളറിലുണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് വില 104 ഡോളറിലേക്ക് താഴ്ന്നു.
103 ഡോളറിന് മുകളിലായിരുന്ന യുഎസ് ക്രൂഡ് വില 101.3 ഡോളറിലെത്തി. പൈപ്പ്ലൈൻ തകരാർ സൗദി അറേബ്യ ദ്രുതഗതിയിൽ പരിഹരിച്ചുവരികയാണെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി.
അതേസമയം, ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ചൈന ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൂതികളെ നിയന്ത്രിക്കണമെന്നും ചെങ്കടൽ തീരങ്ങൾ യുദ്ധക്കളമാക്കരുതെന്നും ഇറാന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള 5 രാജ്യങ്ങൾക്കുമേൽ 100% അധികത്തീരുവ ചുമത്താനുള്ള ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കി. എങ്കിലും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വൈകാതെ യുഎസ് സന്ദർശിക്കാനിരിക്കുന്നതിനാൽ ട്രംപ് പെട്ടെന്ന് താരിഫ് യുദ്ധത്തിന് മുതിർന്നേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, കാനഡയ്ക്ക് യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് അംഗത്വം നൽകാനുള്ള നീക്കത്തിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കാനഡ ആരുമായി ബന്ധം സ്ഥാപിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു.
എണ്ണവില താഴുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിനെ തുടർന്നുണ്ടായ ആശങ്കകൾ മാറി വിപണികൾ വീണ്ടും പോസിറ്റീവ് ട്രാക്കിലേക്ക് തിരിഞ്ഞു.
ഡൗ ജോൺസ് 316 പോയിന്റും നാസ്ഡാക്കും മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളും സമാനമായ നേട്ടത്തിലാണ്.
അതേസമയം, രാജ്യാന്തര സ്വർണവിലയിൽ ചെറിയ വർധനവുണ്ടായിട്ടുണ്ട്. ഔൺസിന് 4352 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഇത് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചേക്കാം. ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന വിഷയം ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളാണ്.
ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരന്റെ കാലാവധി അഞ്ചു വർഷം കൂടി നീട്ടിക്കൊടുക്കാനും ടാറ്റ സൺസ് ഐപിഒ നടത്താനുമുള്ള ബോർഡ് തീരുമാനത്തിനെതിരെ നോയൽ ടാറ്റ രംഗത്തെത്തി. ഈ തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്ന് നോയൽ ടാറ്റ തുറന്നടിച്ചു.
നോയൽ ചെയർമാനായ ടാറ്റ ട്രസ്റ്റ്സും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഐപിഒ വാർത്തകൾ ടാറ്റ ഓഹരികളിൽ ആവേശം സൃഷ്ടിക്കുന്നുണ്ട്.
“The Tata Trusts reiterate their position on the reappointment of Mr. N.
Chandrasekaran as Chairman, Tata Sons, following today’s Board Meeting. Read the full statement: https://t.co/9Nf7FXpL63 https://t.co/c0OVHBWYfz”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

