റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെ 5 രാജ്യങ്ങൾക്ക് 100% വരെ ഉയർന്ന തീരുവ ഈടാക്കാനുളള ബിൽ യുഎസ് കോൺഗ്രസ് പാസാക്കിയ പശ്ചാത്തലത്തിൽ ഔദ്യോഗിക പ്രതികരണവുമായി ന്യൂഡൽഹി രംഗത്തെത്തി. ഈ തീരുവ നടപടി ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തി വിവിധ സ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കുന്നത് മുൻപോട്ടും തുടരും.
റഷ്യൻ ഇറക്കുമതിയുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ പ്രസ്താവന. യുഎസ് പ്രതിനിധികളുമായി നടന്ന ഉന്നതതല കൂടിക്കാഴ്ചകളിലും ഇന്ത്യ ഈ നിലപാട് വ്യക്തമാക്കിയതാണ്.
നിലവിലെ വെല്ലുവിളികളെ നേരിടുന്നതിനായി രാജ്യത്തെ വ്യാപാര–വ്യവസായ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിൽ ഒപ്പുവെക്കുന്നതോടെ ബിൽ ഔദ്യോഗിക നിയമമായി മാറും.
യുക്രെയ്നെതിരെയുള്ള സൈനിക നടപടികൾ തുടരാൻ റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന സ്രോതസ്സുകൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ഊർജമേഖലയെ ലക്ഷ്യമിട്ടുള്ള ഉപരോധ ബില്ല് യുഎസ് ജനപ്രതിനിധി സഭ 262-159 വോട്ടുകൾക്ക് പാസാക്കിയത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ 58 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ 7 പേർ എതിർക്കുകയാണുണ്ടായത്.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് 86–11 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസാക്കിയിരുന്നത്. റഷ്യൻ ഇന്ധന വ്യാപാരവുമായി ബന്ധപ്പെട്ട
ബാങ്കുകൾ, ഉദ്യോഗസ്ഥർ, എണ്ണക്കപ്പലുകൾ എന്നിവയാണ് പ്രധാനമായും ഉപരോധത്തിന്റെ പരിധിയിൽ വരുന്നത്. റഷ്യയിൽ നിന്നും അസംസ്കൃത എണ്ണയോ പ്രകൃതിവാതകമോ ഏറ്റവും അധികം ഇറക്കുമതി നടത്തുന്ന രാജ്യങ്ങളായ ഇന്ത്യ, ചൈന, തുർക്കി, സ്ലോവാക്യ, ഹംഗറി എന്നിവർക്കെതിരെ 100% വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ബിൽ ശുപാർശ ചെയ്യുന്നുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ നിരന്തരമായ സമ്മർദ്ദത്തെയ തുടർന്നാണ് റഷ്യാവിരുദ്ധ ഉപരോധങ്ങൾക്ക് ട്രംപ് പച്ചക്കൊടി കാട്ടിയത്. ഇറാനെതിരെയുള്ള ഉപരോധം 5 വർഷം കൂടി നീട്ടുമെന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.
ഇന്ത്യയെയും ചൈനയെയും മുൻനിർത്തിയാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വാദിക്കുന്നത്. എന്നാൽ ഈ നിയമം യൂറോപ്യൻ യൂണിയനിലെ സഖ്യരാജ്യങ്ങൾക്ക് മേലാകും ട്രംപ് പ്രയോഗിക്കുകയെന്ന് ഡെമോക്രാറ്റുകൾ വിമർശനം ഉന്നയിക്കുന്നുണ്ട്.
അടിച്ചേൽപ്പിക്കുന്ന ഉയർന്ന തീരുവ യുഎസ് വിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്നും അവർ ആശങ്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

