തിരുവല്ല പുളിക്കീഴിലെ ബാറിലുണ്ടായ സംഘർഷത്തിനിടയിൽ യുവാവിന്റെ കഴുത്തിന് ഗുരുതര പരുക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടപ്ര നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാറിന് (36) ആണ് ആക്രമണത്തിൽ പരുക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. അരുൺ കുമാറിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ നിരണം ലക്ഷ്മി വിലാസത്തിൽ സജിത്തിനെ (39) സംഭവദിവസം രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്: വൈകിട്ട് 5 മണിയോടെ പ്രതിയായ സജിത്തിന്റെ ഓട്ടോറിക്ഷയിലാണ് അരുണും മറ്റൊരു സുഹൃത്തും ചേർന്ന് മദ്യപിക്കാനായി ബാറിലെത്തിയത്. മദ്യപാനത്തിനു ശേഷം ബാറിന് പുറത്തെത്തിയ മൂവരും തമ്മിൽ പണം നൽകുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി.
തർക്കം രൂക്ഷമായതിനെ തുടർന്ന് കൈയിലുണ്ടായിരുന്ന ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് സജിത്ത്, അരുണിന്റെ പിൻകഴുത്തിൽ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ കുപ്പി പൊട്ടിച്ചിതറി ചില്ലുകൾ തുളച്ചുകയറിയാണ് അരുണിന്റെ കഴുത്തിൽ ഗുരുതര പരുക്കേറ്റത്.
ഈ ആക്രമണത്തിനിടയിൽ സജിത്തിന്റെ വലതു കൈയുടെ ചൂണ്ടുവിരലിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുണിനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

