ചെറുതോണിയിൽ സ്വർണനിറത്തിൽ പ്രദേശമാകെ പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടങ്ങൾ മനോഹരമായ കാഴ്ചയൊരുക്കുമ്പോഴും, കർഷകരുടെ മനസ്സിൽ കടുത്ത ആശങ്കയാണ്. ഓണം വിപണി ലക്ഷ്യമാക്കി നട്ടുനനച്ചു വളർത്തിയ പൂക്കൾ കാലാവസ്ഥാ വ്യതിയാനം കാരണം ഏറെ വൈകിയാണ് വിരിഞ്ഞത്.
ഇത് വിപണി കണ്ടെത്താനാകാത്ത അവസ്ഥ സൃഷ്ടിച്ചതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ കീടനാശിനികൾ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പൂക്കൾക്ക് കേരള വിപണിയിൽ ഇപ്പോഴും വലിയ ഡിമാൻഡാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ പ്രാദേശികമായി ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന പൂക്കൾക്ക് വിപണിയിൽ അർഹമായ സ്വീകാര്യത ലഭിക്കുന്നില്ല. ഇവിടെ വിളവെടുക്കുന്ന പൂക്കൾ കേരളത്തിലെ വിപണിയിൽ എത്തണമെങ്കിൽ ആദ്യം തമിഴ്നാട്ടിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ എത്തിച്ച്, അവിടെനിന്ന് വീണ്ടും ഇങ്ങോട്ട് കൊണ്ടുവരേണ്ട
വിചിത്രമായ സാഹചര്യമാണുള്ളത്. എങ്കിൽ മാത്രമേ കേരളത്തിലെ മൊത്തവ്യാപാരികൾ പൂക്കൾ വാങ്ങാൻ തയാറാകൂ എന്നും കർഷകർ വ്യക്തമാക്കുന്നു.
കേരളത്തിലെ കാലാവസ്ഥയിൽ ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂക്കളുടെ കൃഷി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ കർഷകർ ഇത്തവണ പൂക്ക കൃഷി പരീക്ഷിച്ചിരുന്നു.
കൃഷി വിജയിക്കുന്നുണ്ടെങ്കിലും അതിനുതകുന്ന വിപണി കണ്ടെത്താനാകാത്തതാണ് പ്രധാന തടസ്സം. ഇതിനൊരു ശാശ്വത പരിഹാരമായി ഹോർട്ടികൾചർ പോലുള്ള സർക്കാർ ഏജൻസികൾ നേരിട്ട് പൂക്കൾ ശേഖരിച്ച് വിപണനം നടത്താൻ തയാറാകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
വാഴത്തോപ്പ് പഞ്ചായത്ത് ഓഫിസിനു സമീപം പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടം ഇപ്പോൾ പ്രദേശവാസികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹരിതാരവം പദ്ധതിയുടെ ഭാഗമായി നൽകിയ തൈകളാണ് ഇവിടെ കൃഷി ചെയ്തത്.
തണൽ കർഷക സംഘംത്തിന്റെ നേതൃത്വത്തിലാണ് ഈ കൃഷി വിജയകരമായി പൂർത്തിയാക്കിയത്. മികച്ച വിളവ് ലഭിച്ചതിന്റെ സംതൃപ്തിക്കൊപ്പം പൂക്കൾ വിറ്റഴിക്കാനാകാത്തതിന്റെ വിഷമത്തിലാണ് കർഷകർ.
കൃഷിയിലേക്ക് കർഷകരെ ആകർഷിക്കുന്നതിനൊപ്പം അവരുടെ ഉൽപന്നങ്ങൾക്ക് സുരക്ഷിതമായ വിപണി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സാഹചര്യം ഓർമിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

