ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ചാങ്ഷ നഗരത്തിൽ ഒരു യുവതി നടത്തിയ നിക്ഷേപവും അതിന്റെ തുടർന്നുള്ള സംഭവവികാസങ്ങളും ഇപ്പോൾ ഏറെ ചർച്ചയാകുന്നു. 2018-ൽ ആണ് ഈ അസാധാരണ ഇടപാട് നടന്നത്.
അക്കാലത്ത് ആവശ്യക്കാർ കുറവായിരുന്നതിനാൽ ഒരു പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് സ്ഥലങ്ങളുടെ 40 ശതമാനവും വു എന്ന് പേരുള്ള യുവതി ഒരുമിച്ച് സ്വന്തമാക്കുകയായിരുന്നു.
സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ബിൽഡർ ഈ ഓഫറിന് സമ്മതം മൂളുകയും ചെയ്തു. അന്ന് 19.36 കോടി രൂപ (14 ദശലക്ഷം യുവാൻ) ചെലവഴിച്ചാണ് യുവതി 196 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം ഒറ്റയടിക്ക് വാങ്ങിയത്.
അന്നത്തെ സാഹചര്യത്തിൽ ആരും വലിയ താൽപര്യം കാണിക്കാതിരുന്ന മേഖലയായിരുന്നു ഇത്. എന്നാൽ കാലങ്ങൾക്കിപ്പുറം ആ റസിഡൻഷ്യൽ ഏരിയയിലെ മുഴുവൻ ഫ്ലാറ്റുകളും വിറ്റുപോയതോടെയാണ് കളിമാറിയത്.
സമുച്ചയത്തിലെ ഭൂരിഭാഗം പാർക്കിങ് ഏരിയയും തന്റെ വരുതിയിലാക്കിയ യുവതിയുടെ ബിസിനസ് തന്ത്രം പിന്നീട് വ്യക്തമാകുകയായിരുന്നു. നിലവിൽ ഈ പാർക്കിങ് സ്ലോട്ടുകൾ ഉയർന്ന നിരക്കിലാണ് യുവതി വാടകയ്ക്ക് നൽകുന്നത്.
ഒരു സ്ലോട്ടിന് പ്രതിമാസം 7,258 രൂപയാണ് വാടകയായി ഈടാക്കുന്നത്. ഈ സ്ഥലം പൂർണ്ണമായി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരോട് ഏകദേശം 14.52 ലക്ഷം രൂപയാണ് യുവതി വിലയായി ആവശ്യപ്പെടുന്നത്.
പാർക്കിങ് മേഖല പൂർണ്ണമായി ഒരാളുടെ കുത്തകയായി മാറിയതിനെതിരെ താമസക്കാർ നിയമനടപടിയുമായി മുന്നോട്ടുപോയെങ്കിലും പ്രാദേശിക കോടതി വിധി യുവതിക്ക് അനുകൂലമായിരുന്നു. സ്ഥലം വിൽപനയ്ക്ക് വെച്ചപ്പോൾ എല്ലാവർക്കും വാങ്ങാൻ തുല്യ അവസരം ഉണ്ടായിരുന്നതായി കോടതി ചൂണ്ടിക്കാണിച്ചു.
അങ്ങനെ തന്റെ ദീർഘവീക്ഷണം കൊണ്ടും കച്ചവട ബുദ്ധി കൊണ്ടും വൻ ലാഭം നേടിയിരിക്കുകയാണ് ഈ ചൈനീസ് യുവതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

