കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ശക്തമായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്. ഞായറാഴ്ച രാത്രി 7.30യോടെ കുളത്തൂപ്പുഴ–അരിപ്പ പെട്രോൾ പമ്പിനു സമീപം വെച്ചാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം ലഭ്യമായിട്ടുണ്ട്. ഇരുവാഹനങ്ങളുടെയും അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരേ ദിശയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കുകൾ തമ്മിൽ ഇടിക്കുകയായിരുന്നു. ഇതിൽ ഒരു വാഹനം പെട്രോൾ പമ്പിലേക്ക് പ്രവേശിക്കാനായി പെട്ടെന്ന് ദിശ മാറ്റിയപ്പോൾ, പിന്നാലെ അതേ ദിശയിൽ അതിവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
തുടർന്ന് ഇതിലൊരു ബൈക്ക് സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗുരുതര പരുക്കേറ്റ ഇവരെ ആദ്യം കുളത്തൂപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്കിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തലയ്ക്ക് ഉൾപ്പെടെ സാരമായ പരുക്കേറ്റ യുവാക്കളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

