തിരുവനന്തപുരം കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് കൊടുവായൂർ പിട്ടുപീടിക സ്വദേശി ആഷിക് സാനു (29) അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്നലെ രാവിലെ 6.30-ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ എട്ടിന് രാവിലെ കവടിയാർ കുറവൻകോണം റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നിയന്ത്രണംവിട്ട
കാർ നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ആഷിക്കിനെയും ഭാര്യ നൗഷിജയെയും ഇടിക്കുകയായിരുന്നു. അപകടത്തിൽ നൗഷിജ അന്നുതന്നെ മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആഷിക്കിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർച്ച് 28-നായിരുന്നു ഇരുവരും വിവാഹിതരായത്.
ദുബായിൽ ജോലി ചെയ്തിരുന്ന ആഷിക്, വിവാഹശേഷം മടങ്ങിപ്പോകാൻ നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ഇന്നലെ. നൗഷിജയുടെ മരണവിവരം അറിയാതെയായിരുന്നു ആഷിക്കിന്റെ അവസാന നിമിഷങ്ങൾ.
നിജാമുദ്ദീന്റെയും ഖദീജയുടെയും മകനാണ് ആഷിക്. അജ്മൽ സഹോദരനാണ്.
പൊൽപുള്ളി വേർകോലി സ്വദേശിനിയാണ് അന്തരിച്ച നൗഷിജ. ആഷിക് സാനുവിന്റെ കബറടക്കം ഇന്ന് രാവിലെ 9-ന് കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
നവദമ്പതികളുടെ അപ്രതീക്ഷിത വിയോഗം കൊടുവായൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

