പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ച പാലേരി കല്ലിക്കണ്ടി സോനയുടെ സംസ്കാരം നടന്നു. സോനയെ അവസാനമായി ഒരുനോക്കു കാണാൻ ചെറുവണ്ണൂരിലെയും പാലേരിയിലെയും വസതികളിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് എത്തിയത്.
വൈകിട്ട് ചെറുവണ്ണൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്ന് വർഷം മുൻപ് വിവാഹിതയായ സോന, ചെറുവണ്ണൂരിലെ നാട്ടുകാർക്ക് ഏറെ പ്രിയങ്കരിയായിരുന്നു.
അരമണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം പാലേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം രാത്രി ഏഴുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ചെറുവണ്ണൂർ കക്കറമുക്ക് റോഡിലെ എടോളിത്താഴെയായിരുന്നു അപകടം നടന്നത്. ആറുമാസം ഗർഭിണിയായിരുന്ന സോന, ഭർത്താവ് രജിൻ ലാലിനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. ഇതിനിടെ എടോളിത്താഴെ വെച്ച് കാറിൽ പെട്ടെന്ന് തീ പടരുകയായിരുന്നു.
വൻ ശബ്ദത്തോടെ തീ ആളിക്കത്തിയതുകണ്ട് നാട്ടുകാർ ഓടിയെത്തി. തീ പടർന്ന ഉടൻ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ പുറത്തിറങ്ങിയ ഭർത്താവ് രജിൻ ലാൽ, കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് അദ്ദേഹം സമീപത്തെ തോട്ടിലെ വെള്ളത്തിൽ ചാടുകയായിരുന്നു. തോട്ടിൽ ചാടുന്നതിനിടെ ഭാര്യ കാറിനുള്ളിൽ ഉണ്ടെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞുവെങ്കിലും നാട്ടുകാർക്ക് ആദ്യം കാര്യം മനസ്സിലായില്ല.
പിന്നീട് കാറിൽ ആളുണ്ടെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും കാറിന്റെ ഉൾഭാഗം പൂർണ്ണമായും കത്തിനശിച്ചിരുന്നു.
വയലിൽ നിന്നും വെള്ളം കോരി ഒഴിച്ച ശേഷം ചില്ല് പൊട്ടിച്ചാണ് നാട്ടുകാർ സോനയെ പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മേപ്പയൂർ ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിൽ പോലീസും കോഴിക്കോട് നിന്നുള്ള ജില്ലാ ഫോറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽപെട്ട
കാറിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു രജിൻ ലാലും സോനയും വിവാഹിതരായത്. ആദ്യത്തെ കൺമണിയെ വരവേൽക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.
65 ശതമാനത്തിലധികം പൊള്ളലേറ്റ രജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്. കൈകളിലും മുഖത്തും നെഞ്ചിലും പൊള്ളലേറ്റതിനാൽ ആന്തരികാവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

